വ്യാജ പ്രചരണം വ്യാജ വീഡിയോകൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള പ്രചാരണങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. കേരളകൗമുദി പത്രത്തിനെതിരെയും രൂക്ഷ വിമർശനം
ഫേസ്ബുക്ക് പോസ്റ്റ്
കഴക്കൂട്ടത്തെ ജനവിധി ഞാൻ വിനയപൂർവ്വം അംഗീകരിക്കുന്നു. 428 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഈ പരാജയം സംഭവിച്ചിരിക്കുന്നത്. വിജയിച്ച ശ്രീ. വി. മുരളീധരന് എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

കഴിഞ്ഞ 10 വർഷക്കാലം നിങ്ങളുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ എനിക്ക് നൽകിയ വലിയ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ കാലയളവിൽ മണ്ഡലത്തിൻ്റെ സമഗ്രമായ വികസനത്തിനായി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കാൻ എനിക്ക് സാധിച്ചു. നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധാരണക്കാരായ അനേകം മനുഷ്യർക്ക് താങ്ങും തണലുമാകാനും കഴിഞ്ഞു എന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. ഇങ്ങനെയൊരു വലിയ അവസരം നൽകിയ കഴക്കൂട്ടത്തെ ജനങ്ങളെ ഞാൻ എപ്പോഴും സ്മരിക്കും.
ഈ തിരഞ്ഞെടുപ്പ് കാലത്ത് പണാധിപത്യത്തിന്റെയും ഒരു വൻ വ്യാജപ്രചരണങ്ങളുടെയും കുത്തൊഴുക്ക് തന്നെയാണ് മണ്ഡലത്തിൽ ഉണ്ടായത്. ക്ഷേമ പെൻഷനുകൾ നൽകുന്നത് ‘താമര’ ആണെന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങൾ മുതൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങൾ വരെ ഇവിടെ നടന്നു. കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുക്കവെ ഇഫ്താർ വിരുന്നിനെ കുറിച്ച് ഞാൻ സംസാരിക്കുന്നതായി വ്യാജ വീഡിയോ സൃഷ്ടിച്ചു. ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയുമായി ചേർത്ത് കെട്ടി വ്യാജ കഥകൾ സൃഷ്ടിച്ചു. നാല് വോട്ടുകളുള്ള ഒരു വീട്ടിൽ പോലും ഒന്നര ലക്ഷം രൂപ വിലവരുന്ന സഹായം വരെ വിതരണം ചെയ്ത പണാധിപത്യ രാഷ്ട്രീയത്തെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്.
ഇതോടൊപ്പം “കേരള കൗമുദി” എന്ന മാധ്യമം സ്വീകരിച്ച നിലപാടുകളെയും പരാമർശിക്കേണ്ടതുണ്ട്. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും എഴുതിത്തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണ്. പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നു. ആശംസകൾ..

