കോട്ടയം : ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിനും ആചാര സംരക്ഷണത്തിനുള്ള നടപടികൾ പുതിയ സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡൻറ് പി എൻ നാരായണ വർമ്മ അഭിപ്രായപ്പെട്ടു.
ശബരിമല ഭക്തർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണം. ഇക്കാര്യങ്ങൾ ഇതിനകം തന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.കേസുകൾ മൂലം അത്തർ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അത് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകി. ഭരണത്തിൽ എത്തി വൈകാതെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ പുതിയ സർക്കാരിന്റേതായ സത്യവാങ്മൂലം സമർപ്പിക്കണം. ശബരിമല യുവതി പ്രവേശന കേസ് സുപ്രീംകോടതിയിൽ വളരെ ശുഭകരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. അയ്യപ്പ സേവാസമാജവും പന്തളം കൊട്ടാരവും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
ശബരിമല സ്വർണക്കേസ് അന്വേഷണം ഊർജിതമാക്കണം. ഭഗവാൻറെ ഒരുതരി സ്വർണ്ണം പോലും നഷ്ടപ്പെടരുത്. സിബിഐ പോലുള്ള ഏജൻസികൾക്ക് അന്വേഷണം കൈമാറുന്നത് ഉചിതമായിരിക്കും.
ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനം മെയ് 9 (ശനി) ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ആദ്യ ദിവസം നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻ്റ് പി. എൻ. നാരായണ വർമ്മ ഉദ്ഘാടനം ചെയ്യും. മെയ് 10 ന് രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിനു ആത്മീയ പ്രഭാഷക പ്രൊഫ സരിത
അയ്യർ തിരി തെളിക്കും. ദേശീയ പ്രസിഡൻ്റ് എസ്. ജെ. ആർ കുമാർ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ സെഷനുകളിലായി സ്വാമി വേദാ മൃതാനന്ദപുരി, കുമ്മനം രാജശേഖരൻ, സുബിൻ വി അനിരുദ്ധൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കെ പി ഹരിദാസ്, വി.കെ രാജശേഖരൻ, തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്,
വി.കെ വിശ്വനാഥൻ, എ ആർ മോഹന ൻ, എ. വി. ശങ്കരൻ, ലാൽ പ്രസാദ് ഭട്ടതിരി, വിനോദ്കുമാർ, എ ഗോപാലകൃഷ്ണൻ, അഡ്വ ജയൻ ചെറുവള്ളി, ജയശ്രീ സുരേഷ് എന്നിവർ സംസാരിക്കും.
14 ജില്ലാ കമ്മിറ്റികളിൽ നിന്നും 78 താലൂക്കുകളിൽ നിന്നും തിരഞ്ഞെടുത്ത 450 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
ശബരിമല അയ്യപ്പ തത്വവും, വിശ്വാസവും, ധർമവും പ്രചരിപ്പിക്കുവാൻ സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് അയ്യപ്പ സേവാ സമാജം കേരളം. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് ഒഡീഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ സജീവ പ്രവർത്തനം നടക്കുന്ന സംഘടനക്ക് ഗൾഫ് നാടുകൾ, സിംഗപ്പൂർ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ശാഖകൾ ഉണ്ട്. ഇളംതലമുറയിൽ കണ്ട് വരുന്ന ദുശീലങ്ങളും, കുടുംബ ബന്ധ ശൈഥില്യങ്ങളും ഒഴിവാക്കി ഹൈന്ദവ ഭവനങ്ങളിൽ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള കർമ്മപദ്ധതിക്ക് സമ്മേളനം രൂപം നൽകും.

