Spread the love

ഡാഷ് മോന്‍, വീട്ടില്‍പോയി ചോദിച്ചാല്‍ മതി, ചെറ്റത്തരം പിണറായി പ്രയോഗങ്ങള്‍ക്കെതിരെയും യോഗങ്ങളില്‍ വിമര്‍ശനം, പരാജയകാരണം പിണറായി ആണെന്ന് തുറന്നടിച്ച് സിപിഎം സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിക്കു പിന്നാലെ ചേര്‍ന്ന സിപിഎം സിപിഐ യോഗങ്ങളില്‍ പിണറായി വിജയനും മുന്നണി നേതാക്കള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഭരണം മോശമല്ലാതിരുന്നിട്ടും ജനവിധി പാളിയത് ഏകാധിപത്യ സ്വരവും ജനങ്ങളെ അകറ്റുന്ന ഭാഷയും ശൈലിയുമായിരുന്നുവെന്ന് ആക്ഷേപം. പിണറായിയെ പെരെടുത്തും അല്ലാതെയും സിപിഐ യോഗത്തില്‍ വിമര്‍ശിച്ചു. പിണറായി പ്രതിപക്ഷ നേതാവ് ആകരുതെന്നു വരെ ആവശ്യം ഉയര്‍ന്നു. പ്രതിപക്ഷത്ത് സിപിഐക്കും റോള്‍ വേണമെന്നും ഉപ നേതൃപദവി ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടു.

തോല്‍വിക്കു കാരണം പിണറായി വിരുദ്ധ വികാരമാണെന്നാണ് സിപിഐ യോഗത്തിലെ വിമര്‍ശനം. സമുദായ നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. പ്രചാരണരംഗത്ത് മുഖ്യമന്ത്രി നടത്തിയ ‘വീട്ടില്‍ പോയി ചോദിക്കൂ, ഡാഷ്മോന്‍, ചെറ്റത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചു. സി.പി.എമ്മിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയതും തിരിച്ചടിക്ക് വഴിവച്ചു. സി.പി.ഐയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി പാര്‍ട്ടി നേതൃത്വം മാത്രമാണ്. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായത് ലജ്ഞാകരമായ തോല്‍വിയാണെന്ന് സി.പി.ഐ രാജ്യസഭ അംഗം പി.സന്തോഷ്‌കുമാര്‍ പറഞ്ഞു. പിണറായിക്കു പകരം പുതുമുഖം വരണമെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രചാരണ രംഗത്ത് പിണറായി വിജയന്‍ ഉപയോഗിച്ച പ്രയോഗങ്ങള്‍ കനത്ത തിരിച്ചടിയായി. പിണറായിക്കെതിരായ വിധിയെഴുത്താണ് തിരഞ്ഞെടുപ്പു ഫലമെന്നാണ് ഇടതു സഹയാത്രികന്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏകാധിപത്യമായിരുന്നു പാര്‍ട്ടിയിലെന്നും അദ്ദേഹത്തിന്റെ ഭാഷപോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി. ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതികരണങ്ങളാണ് ഇരു പാര്‍ട്ടികളുടെയും നേതൃയോഗങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ചിലര്‍ ഉന്നയിച്ചത്. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എ.ബേബിയും പങ്കെടുത്തു.