ജോസ് കെ മാണിയെ പരോക്ഷമായി പരിഹസിച്ച് പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം ഫാമിലിയുടെ പ്രമേയം. കേരള നിയമസഭയില്‍ നോമിനേറ്റഡ് അംഗങ്ങളുടെ ഉപരിസഭ വേണമെന്ന്
കേരള നിയമസഭയില്‍ നോമിനേറ്റഡ് എംഎല്‍എമാരെ ഉള്‍പ്പെടുത്തി രാജ്യസഭാ മോഡലില്‍ അപ്പര്‍ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിര്‍മ്മാണ സഭകളോട് ആവശ്യപ്പെടുന്നു എന്ന പ്രമേയമാണ് ഭരണപക്ഷത്തെ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ചു. പാലാ നഗരസഭയിലാണ് രസകരമായ ഈ പ്രമേയം അവതരിപ്പിക്കല്‍ നടന്നത്. ആറാം വാര്‍ഡ് കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ അനുവാദകനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ അംഗീകാരം തേടി വിജയിക്കാന്‍ പ്രാപ്തിയില്ലാത്ത പ്രമുഖ നേതാക്കളടക്കമുള്ളവരെ നിയമനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സംവിധാനമൊരുക്കുവാന്‍ രാജ്യസഭാ മോഡലില്‍ നോമിനേറ്റഡ് എംഎല്‍എമാരെ ഉള്‍പ്പെടുത്തി കേരള നിയമസഭയിലും അപ്പര്‍ ഹൗസ് സംവിധാനം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.
ഇത്തരം ഒരു സംവിധാനം ഉണ്ടായാല്‍ ജനങ്ങളുമായി ബന്ധമില്ലാത്ത, എല്ലാ പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയ പിതൃത്വം ഏറ്റെടുക്കുന്ന, മഹാന്മാരായ പിതാക്കന്മാരുടെ പേരില്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ചില അഭിനവ നേതാക്കന്മാര്ക്ക് നിയമസഭയില്‍ എത്തുവാനുള്ള ഏക സാധ്യതയും ഇതു മാത്രമാണ് എന്നായിരുന്നു പ്രമേയത്തില്‍ ബിനു അവതരിപ്പിച്ചത്. ബിനു നല്ല ഉദ്ദേശത്തിലാണ് പ്രമേയം അവതരിപ്പിച്ചതെങ്കില്‍ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവില് പറഞ്ഞു. ഈ പ്രമേയം പാസാക്കുന്നതിലെ സാങ്കേതികത്വം പരിശോധിക്കണം. ചിലര്‍ ട്രെന്‍ഡുകളുടെയും ഭാഗ്യത്തിന്റെയും പേരില്‍ വിജയികളായി. നഗരസഭാ ചെയര്‍പേഴ്സണ്‍ പോലും ഭാഗ്യത്താല്‍ ആസ്ഥാനത്ത് വന്നതല്ലേ എന്നും ബിജു ചോദിച്ചു.തങ്ങള്‍ ഒരു നേതാവിനെയും ഉദ്ദേശിച്ചല്ല ഇങ്ങനെ പ്രമേയം അവതരിപ്പിച്ചതെന്ന് ബിനു പറഞ്ഞു. പ്രതിപക്ഷം അതു തങ്ങളുടെ നേതാവിനെ മാത്രം ഉദ്ദേശിച്ചാണെന്ന് തെറ്റിദ്ധരിപ്പിച്ചാല്‍ അതു തങ്ങളുടെ കുഴപ്പമല്ലെന്നു ബിനു പറഞ്ഞു.
കഴിവുകൊണ്ട് മാത്രമല്ല ഭാഗ്യം കൊണ്ടു കൂടിയാണ് പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നത് എന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ തന്നെ അതിനുദാഹരണമാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. നിര്‍ദ്ദേശത്തെ കുറെയൊക്കെ സ്വാഗതം ചെയ്യാമെങ്കിലും അന്തസത്ത ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.എന്നാല്‍ ഇത് നിയമമായി പാസാക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ ഭൂരിപക്ഷം വേണമെന്ന ഒരു കുത്തു കൂടി അദ്ദേഹം കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്കി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ പ്രമേയത്തെ ശക്തമായി സ്വാഗതം ചെയ്തതിനെ തുടര്‍ന്നായിരുന്നു കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ ഒളിയമ്പ്.
യുഡിഎഫ് പിന്തുണയുളള നഗരസഭ കൗണ്‍സിലില്‍ സ്വതന്ത്ര കൂട്ടായ്മ പ്രമേയം പാസാക്കി. പാലാ നഗരസഭയിലെ സ്വതന്ത്ര കുട്ടായ്മയെ നയിക്കുന്നത് പുളിക്കകണ്ടം കുടുംബമാണ്. ബിനുവിന്റെ മകള്‍ ദിയ ആണ് നഗരസഭാ ചെയര്‍പേഴ്സണ്‍

