ബെംഗളൂരു: വിവാഹ അഭ്യർഥന നടത്താനായി കാമുകനെ വിളിച്ചുവരുത്തിയ യുവതി അയാളെ തീകൊളുത്തി കൊന്നു. കാമുകനിൽ നിന്ന് അവഗണന നേരിടുന്നുവെന്നുള്ള തോന്നലാണ് കൊലയ്ക്ക് പിന്നിൽ. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ തുമകുരു സ്വദേശി കിരണിനെ(27) കൈകാലുകളും കണ്ണും കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ പ്രേമ(27) കൃത്യമായ ആസൂത്രണത്തോടെയാണ് കാമുകനായ കിരണിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച അഞ്ജനനഗറിലുള്ള പ്രേമയുടെ വീട്ടിൽവെച്ചാണ് സംഭവം. പ്രേമയും കിരണും ബെംഗളൂരു രാജാജിനഗറിലെ ഒരു മൊബൈൽ കമ്പനി സ്റ്റോറിലെ ജീവനക്കാരാണ്. രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ, അടുത്തിടെ പ്രേമയുടെ വിവാഹാഭ്യർഥന കിരൺ നിരസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
കിരണിനെ ചൊവ്വാഴ്ച പ്രേമ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അതും വീട്ടിൽ ആരും ഇല്ലാന്ന് പറഞ്ഞു. കൂടാതെ ഒരു ‘സർപ്രൈസ്’ തരാമെന്നും ഒരുമിച്ച് സമയം ചിലവഴിക്കാമെന്നും പ്രേമ വാഗ്ദാനംനൽകി. ഇതോടെ നെലമംഗലയിലേക്ക് പോവുകയായിരുന്ന കിരൺ നേരേ പ്രേമയുടെ വീട്ടിലേക്ക് തിരിച്ചു. വീട്ടുകാരെല്ലാം ജോലിക്ക് പോയശേഷമാണ് യുവതി കിരണിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടത്.
വീട്ടിലെത്തിയ കിരണിനെ പ്രതി തന്ത്രപൂർവമാണ് കൈകാര്യംചെയ്തത്. ശാരീരികബന്ധത്തിലേർപ്പെടാമെന്ന വ്യാജേന കൈയും കാലുകളും കെട്ടിയിട്ടു. കണ്ണും മൂടിക്കെട്ടി. ഇതെല്ലാം തനിക്കിഷ്ടപ്പെട്ട രീതിയിലുള്ള ശാരീരികബന്ധത്തിന്റെ ഭാഗമാണെന്നാണ് യുവതി വിശ്വസിപ്പിച്ചത്. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതി നേരത്തേ കരുതിവെച്ചിരുന്ന പെട്രോൾ യുവാവിന്റെ ദേഹത്ത് ഒഴിച്ച് യുവാവിനെ തീകൊളുത്തുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.
അത്സമയം യുവതിയുടെ വീട്ടിൽനിന്ന് നിലവിളി കേൾക്കുകയും പുകവരുന്നത് കാണുകയുംചെയ്ത അയൽക്കാരാണ് അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിച്ചത്. എന്നാൽ, അവർ എത്തിയപ്പോഴക്കും കിരൺ വെന്തുമരിച്ചിരുന്നു.
ആൺസുഹൃത്തായ കിരൺ തന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രേമ ആദ്യം പോലീസിന് മൊഴിനൽകിയിരുന്നത്. എന്നാൽ, യുവതിയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ പോലീസിന് സംശയമുണ്ടായി.തുടർന്ന് , യുവതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെ
യുവാവിനെ തീകൊളുത്തിയ ശേഷമുല്ല ദൃശ്യങ്ങൾ പ്രേമയുടെ മൊബൈൽഫോണിൽ നിന്നും കണ്ടെത്തി. യുവാവ് കണ്മുന്നിൽ കത്തിച്ചാമ്പലാകുന്ന ദൃശ്യങ്ങളാണ് യുവതി ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നത്. ഇത് പോലീസ് കണ്ടെടുത്തതോടെ യുവതിക്ക് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

