ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ഇന്ന് രാവിലെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും സൈന്യവും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.

