Spread the love

ദളിത് യുവതിയെ ജോലി വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭയിലെ കൗണ്‍സിലർക്കെതിരെ കേസ്

പാലക്കാട് ന​ഗരസഭയിലെ 24ാം വാർഡിലെ കോൺ​ഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രശോഭിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ കാറില്‍ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. കൂടാതെ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ഇയാള്‍ അതിക്രമം കാട്ടി.

ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു. താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി വെളിപ്പെടുത്തി. ഇതിന് ശേഷവും ഇയാൾ വീണ്ടും ഇത്തരത്തിൽ നടപടി സ്വീകരിച്ചതോടെയാണ് പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്ന് യുവതി പറയുന്നു.