കോഴിക്കോട്: ട്രെയിനില്‍ തനിച്ചിരുന്ന പത്ത് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു ബങ്കേലാലി(30)നെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനാണ്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓഖ-എറണാകുളം എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്ഫോമില്‍ ഇറങ്ങി. ഈ സമയത്ത് കുട്ടി ഒറ്റയ്ക്കായിരുന്നു. അടുത്ത് വന്നിരുന്ന പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടി ഈ വിവരം പറഞ്ഞു. ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ പരാതി നല്കി. കോഴിക്കോട്ട് വച്ച് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് എറണാകുളത്ത് വെച്ചാണ് നന്‍ഹക്കുവിനെ പിടികൂടിയത്.

