Spread the love

ഡോ. വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു.

ജീവപര്യന്തം ശിക്ഷക്കൊപ്പം,ഒരു ലക്ഷം രൂപ പിഴയും ഉണ്ട്.

അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും സമനിലതെറ്റിയുള്ള ആക്രമണമായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്.

2023 മെയ് 10 ന് പുലർച്ചയാണ് നാടിനെ നടുക്കിയ അരും കൊലപാതകം നടന്നത്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി എല്ലാവരെയും ആക്രമിക്കുകയായിരുന്നു. പൊലീസുകാരെ അടക്കം ആക്രമിച്ചു. ഇതിനിടെ വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി.