ടെഹ്റാൻ : പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. രാജ്യത്തെ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. വ്യോമപാത തുറക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചാലുടൻ സർവീസുകൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം കുവൈറ്റിലെ യുഎസ് എംബസി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി എംബസി വ്യക്തമാക്കി. ഇതിനിടെ ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഡിജി ഷിപ്പിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികർ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകൾക്കും നാവികർക്കുമായി കൺട്രോൾ റൂം തുറന്നു.

