സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് തങ്കച്ചൻ വിതുര. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇൻസൈറ്റ് മീഡിയ സിറ്റിയുടെ കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ യൂണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന തങ്കച്ചനെയാണ് വീഡിയോയിൽ കാണുന്നത്.
“എനിക്ക് ഫ്ലവേഴ്സിൽ സെക്യൂരിറ്റി ജോലി കിട്ടി” എന്ന് താരം തന്നെ പറയുന്നതോടെ ആരാധകർ ഒന്നടങ്കം അമ്പരപ്പിലാണ്.
എന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ… ഇന്ന് ഞാൻ ഇൻസൈറ്റ് മീഡിയ സിറ്റിയുടെ, ഫ്ലവേഴ്സ് ടി.വിയും 24 ന്യൂസും ഉള്ള ആ വാതിലുകൾക്ക് മുന്നിൽ ഒരു വ്യത്യസ്തമായ വേഷം ധരിച്ചാണ് നിൽക്കുന്നത്. നിങ്ങൾ എന്നെ സാധാരണയായി സ്റ്റുഡിയോയിലെ പ്രകാശിതമായ ലൈറ്റുകൾക്ക് കീഴിലും സിനിമാ സെറ്റുകളിലുമാണ് കണ്ടിട്ടുള്ളത്.
എന്നാൽ ഇന്ന് ഈ നീല യൂണിഫോമിൽ ഒരു സെക്യൂരിറ്റി എന്ന നിലയിൽ ഞാൻ പുതിയൊരു പാത സ്വീകരിച്ചിരിക്കുന്നു. എന്റെ യാത്രയിൽ എന്നെ പിന്തുണച്ച ഓരോരുത്തരോടും ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരു ഗൗരവമുള്ള സത്യമുണ്ട്. യൂണിഫോം നമ്മുടെ ശരീരത്തെ മാത്രം മൂടും. ഉള്ളിലെ ആത്മാവിനെ ഒരിക്കലും മറയ്ക്കില്ല. പുറത്തേക്ക് ഞാൻ ഒരു സെക്യൂരിറ്റി ഗാർഡിനെപ്പോലെ തോന്നിയാലും ഈ നീല ഷർട്ടിനുള്ളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ഗാനങ്ങൾ പാടിയ അതേ ഗായകനുണ്ട്. നിങ്ങളുടെ ഹൃദയത്തിലെ ആഴത്തിലുള്ള വികാരങ്ങൾ പകർന്ന കവിയുണ്ട്. വർഷങ്ങളായി നിങ്ങൾ കൈയടിച്ച് പിന്തുണച്ച അതേ നായകനുണ്ട്. ഓരോ ജോലിക്കും അതിന്റെ മഹത്വമുണ്ട്. ഓരോ വേഷവും ഒരു പ്രകടനമാണ്. ജീവിതം നിങ്ങൾക്ക് ഏത് യൂണിഫോം തന്നാലും നിങ്ങളുടെ ഉള്ളിലെ പ്രകാശം ഒരിക്കലും മങ്ങരുതെന്നൊരു ഓർമ്മപ്പെടുത്തലായി ഇത് മാറട്ടെ എന്നാണ് വീഡിയോ പങ്കുവെച്ച് തങ്കച്ചൻ കുറിച്ചത്.
എന്നാൽ അഭിനയം ഉപേക്ഷിച്ചോയെന്നും, ഇത് പുതിയൊരു പരിപാടിയുടെ ഭാഗമാണോയെന്നും ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ ഉയരുന്നത്.

