Spread the love

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്. കഴിഞ്ഞ മാസം എംഡിഎംഎയുമായി ‘കുമാരി’യെന്ന അരുൺ പിടിയിലായ കേസിൽ നടത്തിയ ചോദ്യംചെയ്യലിൽ ലഭിച്ച വിവരമനുസരിച്ചാണ് നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി.നിർഫാന എന്നിവർ സിറ്റി ഡാൻസാഫ് സംഘത്തിന്റെയും മെഡിക്കൽ കോളജ് പൊലീസിന്റെയും പിടിയിലായത്.

മുഹമ്മദ് ഇര്‍ഫാന്‍ ഭാര്യയുമായി എത്തിയാണ് എംഡിഎംഎ അടക്കമുള്ള ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇടപാടുകാരായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ‘ഡോണ്‍’ എന്നാണ് ഇര്‍ഫാന്‍ അറിയപ്പെട്ടു വന്നത്. ഇയാള്‍ ഭാര്യയ്‌ക്കൊപ്പം രാത്രിയില്‍ മാത്രം പുറത്തിറങ്ങി വില്‍പന നടത്തുന്ന രീതിയാണ് പിന്തുടര്‍ന്നു വന്നത്. പൊലീസിന്റെ പിടിയില്‍ ആകാതിരിക്കാന്‍ ഭാര്യയുടെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകള്‍.

അതേസമയം ബ്യൂട്ടീഷനായി രാവിലെ പ്രവർത്തിച്ചുവന്ന നിർഫാനയും ഭർത്താവും നഗരത്തിലെ ലഹരിമരുന്നു മൊത്തവ്യാപാര ശൃംഖലയിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.