ശമ്പളം കൊടുക്കാത്ത മംഗളം മാനേജ്മെന്റിനെ വരച്ച വരയില്‍ നിര്‍ത്തി പത്രപ്രവര്‍ത്തക യൂണിയന് നീക്കം, മാധ്യമ മേഖലയിലെ തൊഴില്‍ ചൂഷണം അനുവദിക്കില്ലെന്ന് ഉറച്ചനിലപാടോടെ യൂണിയന്.
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യം മാസങ്ങളായി നിഷേധിക്കുന്ന മംഗളം മാധ്യമം മാനേജ്മെന്റുകള്‍ക്കെതിരെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ള്യൂജെ തുടങ്ങിയ പോരാട്ടം വിജയത്തിലേക്ക്. സംസ്ഥാനത്തെ ട്രേഡ് യൂണിയന് നേതാക്കളുടെ സഹകരണത്തോടെ കോര്‍ഡിനേഷന്‍ സമിതി രൂപീകരിച്ചു നടത്തി സംയുക്ത ട്രേഡ് യൂണിയന് നീക്കമാണ് വിജയമായത്. കോട്ടയത്ത് മംഗളം ആസ്ഥാനത്തേക്ക് ഫെബ്രുവരി പത്തിന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെങ്കിലും അത് മാറ്റിവയ്ക്കേണ്ടിവന്നു. മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും ഉള്‍പ്പടെയുളള കാര്യങ്ങളില്‍ മംഗളം മാനേജ്മെന്റ് ഉറപ്പ് നല്‍കുകയും വ്യക്തമായ ധാരണയിലേക്ക് പോകാമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ഇതെന്ന് സമരസമിതി ചെയര്മാന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, വര്‍ക്കിങ് ചെയര്മാന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്, ജനറല്‍ കണ്‍വീനര്‍ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എന്‍. ഗോപിനാഥ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പുറപ്പെടുവിക്കുകയും ചെയ്തു.
ശമ്പള നിഷേധവും വിആർഎസ് എന്ന ചെല്ലപ്പേരിലുള്ള പിരി
ച്ചുവിടലും വ്യാപകമായതോടെയാണ് പത്രപ്രവര്‍ത്തക യൂണിയന് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. മംഗളം,മാധ്യമം ദിനപത്രങ്ങളുടെ ചുവടുപിടിച്ച് ഇതര പത്രമാനേജ്മെന്റുകളും തൊഴിലാളി ചൂഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. മംഗളത്തിലെ ജീവനക്കാര്‍ നിസഹകരണ സമരം ഉള്‍പ്പടെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ പത്തുവര്‍ഷമായി പ്രശ്നം തുടരുകയാണ്. മംഗളം പ്രശ്നത്തില്‍ കോട്ടയത്ത് ട്രേഡ് യൂണിയന് നേതാക്കളുടെ യോഗം വിളിച്ചപ്പോള്‍ പല നേതാക്കളും വീട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ബഹുജനമാര്‍ച്ച് ഫെബ്രുവരി പത്തിന് തീരുമാനിച്ചത്.
അതാണ് ഇപ്പോള്‍ മാറ്റിയത്. മംഗളത്തിലെ തൊഴില്‍ പ്രശ്നം വഷളായത് മാനേജ്മെന്റ് പക്ഷപാതികളായ യൂണിയൻ നേതാക്കള്‍ പലപ്പോഴും പാലം വലിച്ചതാണ് കാരണമെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. ഇവരാകട്ടെ വർഷങ്ങളായി ജില്ലാ, സംസ്ഥാന കമ്മറ്റികളിൽ മത്സരിച്ച് സ്ഥാനം നേടി മാനേജ്മെന്റിന് വേണ്ടി കരിങ്കാലി പണി തുടരുന്നതും ചർച്ചയായിട്ടുണ്ട്. അവരെ വെട്ടിലാക്കിയിരിക്കുന്നതാണ് മാധ്യമപ്രവര്‍ത്തക വേതന പ്രശ്നത്തില്‍ ഉറച്ചനിലപാടോടെ മുന്നോട്ടുപോകാന്‍ പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതി തീരുമാനിക്കുകയും അത് അണുവിട വ്യതിചലിക്കാതെ നടപ്പാക്കാന്‍ കെ.പി റജിയും സുരേഷ് എടപ്പാളും നേതൃത്വം നല്കുന്ന ഭരണസമിതി ഇച്ഛാശക്തിയോടെ മുന്നോട്ടുവരികയും ചെയ്തത്.
കെയുഡബ്ള്യൂജെ ഇതാദ്യമായാണ് ഇത്തര സംഘടിതമായ നീക്കം കരുത്തോടെ നടപ്പാക്കുന്നത്. മാധ്യമ രംഗത്തെ തൊഴില്‍ ചൂഷണം എന്ന്ന്നെക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് നേതാക്കള്‍ പറഞ്ഞു.
ശമ്പളനിഷേധം അടക്കം മാധ്യമമേഖലയിലെ തൊഴില്‍ചൂഷണത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനുമായും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനുമായും ചേര്‍ന്ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ കര്‍ക്കശ നടപടികളുമായി മുന്നോട്ടുപോകും. ഉറപ്പുകള്‍ പാലിക്കുന്നില്ലെങ്കില്‍ ബഹുജന മാര്‍ച്ച് അടക്കം ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാവും.
മാധ്യമം അടക്കം പത്ര മാനേജ്മെന്റുകള്‍ കടുംപിടിത്തം അവസാനിപ്പിക്കാനും ശമ്പള കുടിശ്ശിക തീര്‍ക്കാനും അടിയന്തര നടപടി സ്വീകരിച്ചേ മതിയാവൂ. പണിയെടുത്ത കൂലിക്ക് വേണ്ടി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന തൊഴിലാളികളെ സമ്മര്‍ദങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള മാനേജ്മെന്റ് നീക്കം അനുവദിക്കാനാവില്ലെന്നും സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.
മംഗളത്തിലെ ശമ്പള വിഷയത്തില്‍ മാനേജ് മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറായത് കേരള പത്ര പ്രവര്‍ത്തക യൂണിയനെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് മാധ്യമപ്രവര്ത്തര്ക്കിടയില് തന്നെ അഭിപ്രായമുണ്ട്. ആദ്യമായി ട്രേഡ് യൂണിയന് സംയുക്ത സമിതി ഉണ്ടാക്കി മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ക്ക് ബഹുജന പിന്തുണ നേടിയെടുക്കാനും സാധിച്ചു. മാധ്യമ പ്രവര്‍ത്തക ഗ്രൂപ്പുകളില്‍ വലിയ സ്വീകാര്യതയാണ് ഈ നീക്കത്തിന് ലഭിക്കുന്നത്.
ശമ്പളക്കുടിശിക വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ആവശ്യപ്രകാരം കെ.യു.ഡബ്ല്യു.ജെ. സംസ്ഥാനനേതൃത്വം പ്രക്ഷോഭം തീരുമാനിക്കുകയും മറ്റ് ട്രേഡ് യൂണിയനുകളുടെ പിന്തുണ തേടുകയും ചെയ്തത്. കേന്ദ്ര-സംസ്ഥാന ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി മംഗളം, മാധ്യമം തൊഴില്‍പ്രശ്നത്തില്‍ നല്കിയ പിന്തുണയും പ്രക്ഷോഭം ഏറ്റെടുത്ത നടപടിയും മാതൃകാപരവും അഭിനന്ദനീയവുമാണെന്നാണ് മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മംഗളം സെല്‍ അഭിപ്രായപ്പെട്ടത്.

