Spread the love

ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ പറഞ്ഞ് കടുത്ത വർഗീയ പരമർശനവുമായി സജി ചെറിയാൻ. ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളർത്തുന്നതെന്ന് പറഞ്ഞ മന്ത്രി വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ അറിയാനാകുമെന്നും ഇതാർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റേത് കേരളത്തിന്‍റെ മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമെന്നും സതീശൻ മാപ്പ് പറയണമെന്നും സജി ചെറിയാൻ പറഞ്ഞു.

ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്‌ലിം ലീഗ് കേരളത്തിൽ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാൻ പാടുണ്ടോ? കാസർകോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്.’. എന്‍എസ്എസ്- എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും സാമുദായിക നേതാക്കളെല്ലാം നല്ല ബോധമുള്ളവരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.