തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാർ പൂർണ്ണമായും കത്തിനശിച്ചു. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വോളിസ് വാഹനത്തിനാണ് അപകടമുണ്ടായത്. വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ഉണ്ടായിരുന്നെങ്കിലും, ആളപായമില്ലാതെ അവർ രക്ഷപ്പെട്ടു.
യാത്രക്കിടെ വാഹനത്തിന്റെ എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സുഗന്ധകുമാർ ഉടൻതന്നെ വാഹനം റോഡരികിൽ നിർത്തി, കുടുംബാംഗങ്ങളെ പുറത്തിറക്കുകയായിരുന്നു. പിന്നാലെ കാർ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ കല്ലമ്പലം ഫയർഫോഴ്സ് യൂണിറ്റ് തീയണച്ചെങ്കിലും, അപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിനശിച്ചിരുന്നു.

