Spread the love

തൃശ്ശൂർ: ദാമ്പത്യ ജീവിതം മനോഹരമാക്കാന്‍ ധ്യാനം നടത്തിയിരുന്ന ദമ്പതികള്‍ തമ്മില്‍ തല്ലി പോലീസ് കേസായി. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ചത്. മാരിയോ ജോസഫിന് എതിരെ ഭാര്യ ജിജി അതിക്രമത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ചാലക്കുടി പൊലീസ് ജിജി മാരിയോയുടെ പരാതിയില്‍ കേസെടുത്തു.

ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പൊലീസ് പറയുന്നു.

ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിൽ പറയുന്നത്. 70,000രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.

യുവതീയുവാക്കള്‍ക്കായി നല്ല കുടുംബ ജീവിതം നയിക്കുന്നതിനായി ധ്യാനങ്ങള്‍ നടത്തി വരുന്ന ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. കുടുംബജീവിതത്തിലെ പ്രശ്‌നപരിഹാരത്തിനായി ഇരുവരും ചേര്‍ന്ന് കൗണ്‍സലിങ്ങും നടത്തിയിരുന്നു. ഫിലോകാലിയ എന്ന പേരിലാണ് ഇവര്‍ ധ്യാന പരിപാടി നടത്തിയിരുന്നത്.