Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നു. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അതേസമയം മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. യെല്ലോ അലർട്ട് പ്രവചിച്ച ജില്ലകളിൽ 115 മില്ലി മീറ്റർ വരെ മഴയാണ് ലഭിക്കുക. ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകളിൽ 204.4 മില്ലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ അതിശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.