Spread the love

വാര്‍ദ്ധക്യ കാലത്ത് ഒറ്റപ്പെട്ടുവെന്ന തോന്നല്‍ വന്നതോടെ 35കാരിയെ വിവാഹം കഴിച്ച 75കാരന്‍ വിവാഹപ്പിറ്റേന്ന് മരിച്ചു.

ഉത്തര്‍പ്രദേശിലെ ജോന്‍പുറിലാണ് സംഭവം. ശങ്കുറാം (75) എന്നയാളാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഭാര്യ മരിച്ചതോടെ ശങ്കുറാം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ശങ്കുറാമിന് മക്കള്‍ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
ഈ തീരുമാനം ബന്ധുക്കള്‍ നിരുത്സാഹപ്പെടുത്തിയിരുന്നു.

എന്നാല്‍ ബന്ധുക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ സെപ്റ്റംബര്‍ 29ന് 35 വയസ്സുള്ള മന്‍ഭവതിയെ ശങ്കുറാം വിവാഹം കഴിക്കുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അടുത്ത അമ്പലത്തിലെത്തി ആചാരപ്രകാരം താലി ചാര്‍ത്തി.

കല്ല്യാണപ്പിറ്റേന്ന് പുലര്‍ച്ചെ ആയതോടെ പെട്ടെന്ന് ശങ്കുറാമിന്റെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യരാത്രി ഞങ്ങള്‍ സന്തോഷത്തോടെ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും പെട്ടെന്നാണ് ആരോഗ്യനില വഷളായതെന്നും മന്‍ഭവതി പറഞ്ഞു.

അതേസമയം ശങ്കുറാമിന്റെ മരണം പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ശങ്കുറാമിന്റെ മരണം സ്വാഭാവികമാണെന്ന് ചിലരും എന്നാല്‍ സംശയമുണ്ടെന്ന് ബന്ധുക്കളും പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും സ്വത്തടക്കം തട്ടിയെടുക്കാന്‍ മന്‍ഭവതി കരുതിക്കൂട്ടി എന്തെങ്കിലും ചെയ്‌തോ എന്ന് കണ്ടെത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.