Spread the love

വാഷിങ്ടന്‍: ഇന്ത്യക്കാരനെ യുഎസില്‍ പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പൊലീസ് വെടിവച്ചത്.

സെപ്റ്റംബർ മൂന്നിനാണ് മുഹമ്മദ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.

സാന്താക്ലാരയിലെ താമസസ്ഥലത്ത് കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തുന്നത്. ഒപ്പം താമസിക്കുന്ന ആള്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീനെ നാല് തവണ വെടിവച്ചെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. നിസാമുദ്ദീനെ പോലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. കുത്തേറ്റയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

അതേസമയം കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ മുഹമ്മദ് നിസാമുദ്ദീന്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങള്‍, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് നിസാമുദ്ദീന്‍ പരാതിപ്പെട്ടിരുന്നതായി കുടുംബം പറഞ്ഞു.