Spread the love

നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ യുവജനങ്ങളുടെ പ്രതിഷേധം. ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇതേത്തുടര്‍ന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള പ്രധാന നഗരങ്ങളില്‍, കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അഴിമതിയും ദുര്‍ഭരണവും മറച്ചുവെക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് ചൂണ്ടികാണിച്ച് യുവജനങ്ങള്‍ക്കിടയില്‍ നിരോധനം വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചു.

അഴിമതി അവസാനിപ്പിക്കുക,? അഭിപ്രായ പ്രകടനത്തിനുള്ള അവകാശം തടയല്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം പൊലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറി. ഇതേത്തുടര്‍ന്ന് നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസിന്റെ വെടിവയ്പ്പില്‍ 16 പേര്‍ മരിക്കുകയും ചെയ്തു.

പ്രതിഷേധം അടിച്ചമര്‍ത്താന്‍ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നേപ്പാള്‍ സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കുകയും അടിയന്തര യോഗം വിളിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തിലേക്കും പ്രതിഷേധക്കാര്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. അതിനിടെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു