Spread the love

നോർക്ക റൂട്സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോര്‍ക്ക റൂട്ട്സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഒപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ്: 2025 ന് (ആഗസ്റ്റ് 7,8) എറണാകുളം പാലാരിവട്ടം ദി റിനൈ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. യൂറോപ്പിലുള്‍പ്പെടെ പലയിടങ്ങളിലും പ്രവാസത്തിന്റെ സാന്ദ്രതകൂടുതല്‍ കാരണം നിരവധി വെല്ലുവിളികളുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് പ്രവാസികള്‍ ഇന്ന് കടന്നുപോകുന്നത്. എന്നാല്‍ ഇതിനൊപ്പം പല രാജ്യങ്ങളിലേയും തൊഴില്‍ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഉതകും വിധത്തില്‍ ഭാഷാ പരിജ്ഞാനമുളളവരേയും നൈപുണ്യ മികവുളളവരേയും കണ്ടെത്താനോ ആ മാനവവിഭവശേഷിയുടെ അവസരം പ്രയോജനപ്പെടുത്താനോ കഴിയുന്നില്ലെന്ന് കോണ്‍ക്ലേവിന്റെയും നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) എംപ്ലോയര്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലെ 20,000 ത്തോളം ഡ്രൈവര്‍മാരുടെ ഒഴിവുകളില്‍ ഭാഷാ പരിജ്ഞാനമുളളവരേയും തൊഴില്‍ നൈപുണ്യ മികവുളളവരേയും നമുക്ക് കണ്ടെത്താനായില്ലെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പുനസംയോജനത്തിനും ഉതകും വിധം കേരളത്തിലെ പ്രവാസി സഹകരണ സ്ഥാപനങ്ങള്‍ ഉയരണമെന്നും പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

സഹകരണ പ്രസ്ഥാനങ്ങളിലൂടെ മെച്ചപ്പെട്ട ലോകക്രമം എന്നതാണ് ലോക കോ-ഓപ്പറേറ്റീവ് വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ പ്രമേയം. പ്രവാസി സഹകരണ സ്ഥാപനങ്ങള്‍ക്ക് അതിനാല്‍ തന്നെ വലിയ ചുമതല നിര്‍വ്വഹിക്കാനാകും. ഇന്ത്യയില്‍ പ്രവാസി പുനസംയോജനത്തിനായി മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം നോര്‍ക്ക പദ്ധതികളേയും സേവനങ്ങളേയും കുറിച്ച് വിശദീകരിച്ച അദ്ദേഹം ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും മറുപടി നല്‍കി. ഉദ്ഘാടന ചടങ്ങില്‍ കേരള ഇന്‍റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൊണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സജി എസ്, നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധു എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് എരണാകുളം സെന്റര്‍ മാനേജര്‍ അമ്പിളി ആന്റണി സ്വാഗതവും നോര്‍ക്ക റൂട്ട്സ് സെക്ഷന്‍ ഓഫീസര്‍ രമണി കെ നന്ദിയും പറഞ്ഞു. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും രീതിയും സംബന്ധിച്ച് സഹകരണ വകുപ്പ് മുന്‍ ജോ. രജിസ്ട്രാര്‍ (റിട്ട) പി.ബി ഉണ്ണികൃഷ്ണന്‍ ക്ലാസിന് നേതൃത്വം നല്‍കി. സംസ്ഥാനത്തെ 51 പ്രവാസി സഹകരണ സംഘംങ്ങളില്‍ നിന്നുളള 140 പ്രതിനിധികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) നേതൃത്വത്തിലാണ് പരിശീലനം. കോണ്‍ക്ലേവിന് നാളെ സമാപനമാകും