Spread the love

കോട്ടയം: ഇനി ജയിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് ചൂണ്ടികാട്ടി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. അതിനാല്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ ജീവന്‍മരണ പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയത്ത് സംഘടിപ്പിച്ച ഡിസിസി പ്രത്യേക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപദാസ്. അതിനാല്‍ പഞ്ചായത്ത് ഇലക്ഷനിലും തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കണം. ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ആവേശത്തിലേക്ക് പാര്‍ട്ടി മടങ്ങണം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ഒരുക്കങ്ങളും ചര്‍ച്ചയായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി എത്തുന്ന സാഹചര്യത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി തന്നെ നേരിട്ട് ഡിസിസി യോഗത്തില്‍ പങ്കെടുത്തത്.

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷനായി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിംര് പ്രസിഡന്റുമാരായ എ.പി.അനില്‍ കുമാര്‍ എംഎല്‍എ, പി.സി.വിഷ്ണുനാഥ് എംഎല്‍എ, നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ആന്റോ ആന്റണി എംപി, കെ.സി.ജോസഫ്, പി.എ.സലിം, ജോസി സെബാസ്റ്റ്യന്‍, ജോസഫ് വാഴയ്ക്കന്‍, വി.പി.സജീന്ദ്രന്‍, ടോമി കല്ലാനി, ജോഷി ഫിലിപ്, ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

ഡിസിസി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിഡന്റ് നാട്ടകം സുരേഷ് അവതരിപ്പിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്തു.