തിരുവനന്തപുരം : കേരള കോൺഗ്രസ് എമ്മുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തുന്നില്ലെന്ന് വ്യക്തമാക്കി എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല
ഇടതുമുന്നണിയുടെ ഭാഗമാണ് ജോസ് കെ മാണി വിഭാഗം. ഇടതുമുന്നണിയുടെ ഭാഗമായ കക്ഷിയുമായി ചർച്ച നടത്തുന്നത് ശരിയല്ല.രാഹുൽ ഗാന്ധിയുമായി ജോസ് കെ മാണി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും രമേശ് ചെന്നിത്തല നിഷേധിച്ചു. ഇത്തരം റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണ്.അവാസ്തവമാണ്.മാണി വിഭാഗവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല – രമേശ് വ്യക്തമാക്കി
കേരള കോൺഗ്രസ് എമ്മി നെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് രമേശ് ഉൾപ്പെടുന്ന വിഭാഗത്തിന് അത്ര താൽപര്യമില്ല.കേരള കോൺഗ്രസ് ഇല്ലാതെ തന്നെ മധ്യകേരളത്തിൽ നല്ല വിജയം നേടാൻ ആവുമെന്ന് കരുതുന്ന കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിലാണ് രമേശ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും അതിശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻറെ സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ കോട്ടയത്ത് പരാജയപ്പെട്ടത് ഇവർ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെഫ്രാൻസിസ് ജോർജ് ആണ് കോട്ടയത്ത് നിന്നും പാർലമെന്റിലേക്ക് വിജയിച്ചത്. ജോസഫ് വിഭാഗത്തിന് അത്ര സംഘടനാശക്തി ഇല്ലാത്ത കോട്ടയത്ത് ഫ്രാൻസിസ് ജോർജ് വിജയിച്ചത് കോൺഗ്രസിന്റെ കരുത്തിൽ ആണെന്ന് ഡിസിസി നേതാക്കൾ ഉൾപ്പെടെ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ മറ്റൊരു കക്ഷിയെ കൊണ്ടുവന്ന് സീറ്റ് വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഇവർ പറയുന്നത്.

