Spread the love

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിജയകരമായി നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം കോളേജുകളിലേക്കും വ്യാപിപ്പിക്കാന്‍ കേരള പോലീസ് ആലോചിക്കുന്നു. സംസ്ഥാനത്തെ കോളജ് ക്യാംപസുകളില്‍ റാഗിംഗും മയക്കുമരുന്ന് ഉപയോഗവും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിര്‍ദേശം ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കും.

സ്‌കൂളുകളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി (എസ്പിസി).

റാഗിംഗ്, മയക്കുമരുന്ന്, മദ്യം തുടങ്ങിയ സാമൂഹ്യതിന്‍മകളെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിനും കാംപസുകളില്‍ നിന്ന് തിന്മകളെ മോചിപ്പിക്കുന്നതിനുമായി കോളജുകളിലേക്ക് കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ 2026 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് കേരള പൊലീസ് പദ്ധതിയിടുന്നത്.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ ഘടനാപരവും നൂതനവുമായ പരിശീലന സിലബസ് തയ്യാറാക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോളജ് തലത്തിലുള്ള എസ്പിസിയുടെ പ്രധാന ലക്ഷ്യം കേഡറ്റുകള്‍ക്കിടയില്‍ നിയമ അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് ആസക്തി, റാഗിംഗ് പോലുള്ള തിന്മകളെ ചെറുക്കുക എന്നിവയാണ്. കോളജുകളില്‍ പദ്ധതി നടപ്പാക്കുന്നത് പോലീസിന് കോളജ് വിദ്യാര്‍ഥികളുമായി കൂടുതല്‍ കാര്യക്ഷമമായി ഇടപഴകാന്‍ സഹായിക്കും.

എക്സൈസ്, ഗതാഗതം, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായത്തോടെ പോലീസ് ആണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.