കാസർകോട് : കാസർകോട്: ബെള്ളൂർ പള്ളപ്പാടിയിൽ വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരണപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം. കർണാടക പുത്തൂർ സ്വദേശിയാണ് സെറീന. യുവതിയെ ഭർതൃവീട്ടിലെ ഷെഡിലാണ് സെറീനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കൊടിയ ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കുട്ടികളില്ല എന്ന പേര് പറഞ്ഞ് ഭർതൃമാതാവ് മറ്റാളുകളുടെ മുന്നിൽവെച്ച് സെറീനയെ അപമാനിക്കാറുണ്ടെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവിനും കുടുംബത്തിനുമെതിരെ സെറീനയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

