കോട്ടയം : നായർ സർവീസ് സൊസൈറ്റിയുടെ സുപ്രധാന പദവിയിലേക്ക് ചുവടുവെച്ച് ഹരികുമാർ കോയിക്കൽ. എൻഎസ്എസിന്റെ നിലവിലുള്ള അമരക്കാരനായ സുകുമാരൻ നായർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ സാഹചര്യത്തിൽ വളരെ തിടുക്കത്തിൽ ഓഫീസ് നിർവഹണത്തിനായി ഹരികുമാറിനെ സെക്രട്ടറി പദത്തിൽ നിയോഗിക്കുകയായിരുന്നു.
വീണ് പരിക്കേറ്റ് സുകുമാരൻ നായർ ആശുപത്രിയിലായതോടെ എൻഎസ്എസിന്റെ പതിവ് കാര്യങ്ങൾ നിർവഹിക്കാൻ ഒരാളെ ചുമതലപ്പെടുത്തേണ്ട അവസ്ഥ വന്നു.ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരി എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് കൂടിയായ ഹരികുമാറിന് നറുക്ക് വീണത്. എൻഎസ്എസ് ആസ്ഥാനത്തെ നിയന്ത്രിക്കുന്ന നേതൃനിരയിൽ ഒന്നാമനായ ഹരികുമാർ ചങ്ങനാശ്ശേരി സ്വദേശി തന്നെയാണ്.
അസുഖം ഭേദമായി സുകുമാരൻ നായർ എൻഎസ്എസ് ആസ്ഥാനത്ത് മുടങ്ങാതെ എത്തുന്നുണ്ടെങ്കിലും ഓഫീസ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. സുകുമാരൻ നായർക്ക് രണ്ടാം നിലയിലെ ഓഫീസിലേക്ക് പോകാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതും കാരണമാണ്. എൻഎസ്എസിന്റെ അതിഥി മന്ദിരത്തിൻ്റെ താഴത്തെ നിലയിൽ സുകുമാരൻ നായർക്കായി ഓഫീസ് ഒരുക്കാനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ..
സുകുമാരൻ നായരുടെ പിൻഗാമിയായി എൻഎസ്എസിന് വനിതാ ജനറൽസെക്രട്ടറി വരുമെന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നു ജനറൽ സെക്രട്ടറിയുടെ മകളും റിട്ട. കോളേജ് അധ്യാപികയും പ്രിൻസിപ്പാളുമായിരുന്ന ഡോ. സുജാതയുടെ പേരാണ് പ്രചരിച്ചിരുന്നത്. എൻഎസ്എസ് ആസ്ഥാനത്ത് ഭരണതലത്തിലുള്ള പരിചയവും ആശയവിനിമയ സ്ഫുടതയും നേതൃപാടവും ഉള്ള ഡോ. സുജാത ഓഫീസ് ചുമതലയുള്ള സെക്രട്ടറിയാവുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മുമ്പ് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഡോ. സുജാതയുടെ പേര് പരിഗണിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ വിവാദമുണ്ടാക്കാൻ താല്പരൃമില്ലന്ന് സുകുമാരൻ നായർ നിലപാട് എടുത്തതോടെയാണ് പദവി ഏറ്റെടുക്കണ്ടന്ന തീരുമാനത്തിലെത്തിയത്. എന്നാൽ വിവാദങ്ങളിൽ നിന്ന് അകലം പാലിച്ച ഡോ. സുജാത പ്രതിനിധി സഭാംഗമാകാത്തതും സമുദായത്തിൽ ചർച്ചയായിരുന്നു. എങ്കിലും
ജനറൽ സെക്രട്ടറിക്കൊപ്പം സമുദായ സമ്മേളനങ്ങളിലെ സാന്നിധൃം ജനറൽ സെക്രട്ടറിയുടെ പിൻഗാമി എന്നതിന് പിൻബലമേകിയിരുന്നു.
എന്നാൽ ജനൽ സെക്രട്ടറി വളരെ പെട്ടെന്ന് ആശുപത്രിയിലായതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഈ ഘട്ടത്തിലാണ് ഹരികുമാറിനെ സെക്രട്ടറിയായി നിയോഗിച്ചത്.
പി കെ നാരായണ പണിക്കർ എൻഎസ്എസ് ജനറൽ സെക്രട്ടറി ആയിരിക്കെ അസിസ്റ്റൻറ് സെക്രട്ടറിയായി കടന്നുവന്നതാണ് സുകുമാരൻ നായർ. പി കെ നാരായണ പണിക്കരുടെ ചടുലമായ സംഘടന ജീവിതത്തിൽ ഓഫീസ് കാര്യങ്ങൾ ദിനംപ്രതി നിർവഹിക്കാൻ സഹായിയെ അനിവാര്യമായിരുന്നു.അത് മനസ്സിലാക്കിയാണ് സുകുമാരൻ നായരെ എൻഎസ്എസ് തലസ്ഥാനത്തേക്ക് നിയോഗിച്ചത്. പിന്നീട് രോഗബാധിതനായി നാരായണ പണിക്കർ അന്തരിച്ചതോടെ സുകുമാരൻ നായർക്ക് എൻഎസ്എസിന്റെ താക്കോൽ സ്ഥാനം ലഭിക്കുകയായിരുന്നു. നാരായണപ്പണിക്കരെയും കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെയും പോലെ പൊതുരംഗത്ത് തലയെടുപ്പോടെ നിൽക്കാൻ സുകുമാരൻ നായർക്ക് കഴിഞ്ഞില്ലെങ്കിലും സംഘടനയ്ക്ക് പുതിയ ദിശാബോധം കൊടുക്കാൻ കഴിഞ്ഞു. പത്മ കഫെ പോലെയുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾക്ക് സുകുമാരൻ നായർ തുടക്കമിട്ടു. ശബമിമല സ്ത്രീപ്രവേശനത്തെ എതിർത്ത് നടത്തിയ നാമ ജപഘോഷ യാത്രകൾ പിണറായി സർക്കാരിന്റെ ഉറക്കം കെടുത്തിയതും സുകുമാരൻ നായരുടെ സാമുദായിക – രാഷ്ട്രീയ വിജയമായിരുന്നു. പത്മ കഫേകൾ ഒരു വലിയ വിജയം ആവുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ കാലഘട്ടത്തിൽ ‘ഇതിൻറെ ചുവടുപിടിച്ച് ജനറൽസെക്രട്ടറി പദത്തിലും വനിത എത്തുമെന്ന് വിശ്വാസം ബലപ്പെടുകയും ചെയ്തു. പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ അതിനുള്ള സാധ്യത മങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ എംജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്ന ഡോ.സുജാത ഒരു വിവാദത്തെ തുടർന്ന് രാജി വെച്ച് മാറുകയായിരുന്നു.യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ ഭരണ തലത്തിൽ ശക്തമായ അഭിപ്രായപ്രകടനം കൊണ്ട് സുകുമാരൻ നായർ നിറഞ്ഞു നിന്നിരുന്നു.എന്നാൽ പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ചങ്ങനാശ്ശേരിയിൽ നിന്നും സർക്കാരിന്റെ പിൻസീറ്റ് നിയന്ത്രണം കണിച്ചുകുളങ്ങരയിലേക്ക് മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പരസ്യമായി നൽകിയ സൂചന തിരിച്ചടി ആവുകയും ചെയ്തു.ഇതോടെ രാഷ്ട്രീയ പ്രശ്നങ്ങളിലുള്ള അഭിപ്രായപ്രകടനം ജനറൽ സെക്രട്ടറി ചുരുക്കുകയും ചെയ്തു.
എൻഎസ്എസിലെ ശക്തമായ അധികാര ലോബിയായ മന്ത്രി ഗണേശ് കുമാർ ഈ സാഹചര്യത്തിൽ പിടിമുറുക്കുമോ എന്ന സംശയവും ഹരികുമാറിനെ ചുമതലപ്പെടുത്താൻ കാരണമായി എന്നാണ് അറിയുന്നത്. ആർ ബാലകൃഷ്ണപിള്ള മുതൽ എൻഎസ്എസ് ആസ്ഥാനത്ത് ഗണേശന്റെ കുടുംബത്തിന് വ്യക്തമായ സ്വാധീനമുണ്ട്. സുകുമാരൻ നായർ ദുർബലൻ ആകുമ്പോൾ നിലവിൽ ഭരണതലത്തിലുള്ള സ്വാധീനം കൂടി ഉപയോഗപ്പെടുത്തി ഗണേഷ് കുമാർ എൻഎസ്എസ് പോക്കറ്റിലാക്കുമോ എന്ന ആശങ്കയും പെരുന്നയിൽ ഉയർന്നിരുന്നു.
കേരളത്തിലെ മാധ്യമപ്രവർത്തകരെ പ്രത്യേകിച്ച് വിഷ്വൽ മീഡിയയെ സുകുമാരൻ നായർ പെരുന്നയിലേക്ക് അധികം ക്ഷണിക്കാറില്ല. അദ്ദേഹത്തിൻറെ ചില വാക്കുകൾ രാത്രികാല ഹാസ്യ പരിപാടികളിൽ വക്രീകരിച്ചു കൊടുത്തതാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്. ചങ്ങനാശ്ശേരിയിലും കോട്ടയത്തുമുള്ള പ്രത്യേക കാറ്റഗറിയിലുള്ള മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പെരുന്നയിൽ പ്രവേശനം. ആശ്രിതവത്സലനും ശുദ്ധഹൃദയനുമായ സുകുമാരൻ നായർ അവരുടെ ഭാരൃമാർക്കും ബന്ധുക്കൾക്കും എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിലും ഉദാര മനസ്ക്കനുമാണ്