Spread the love

കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യൻ സഭകളിലെ ഒരു വിഭാഗമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ”കത്തോലിക്കരാണെന്ന് ഞാൻ പറയുന്നില്ല. ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് അവരാണ്. ഈഴവരെയും പട്ടികജാതിക്കാരെയുമാണ് മതപരിവർത്തനം ചെയ്യുന്നത്. അതാരാണ് ചെയ്യുന്നത്? ക്രിസ്ത്യൻ വിഭാഗക്കാരെല്ലാവരുമാണെന്ന് പറയാനാവില്ല, കത്തോലിക്കരാണെന്നും പറയാനും സാധിക്കില്ല. ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗക്കാരാണെന്നും “വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ,പാലാ ഈഴവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ലൗ ജിഹാദ് അത്, ഒറ്റപ്പെട്ട് അവിടെയും ഇവിടെയും മാത്രമാണ്. ക്രിസ്ത്യാനികളുമായി നോക്കുമ്പോൾ മതപരിവര്‍ത്തനത്തിൽ മുസ്‍ലിംകൾ വെറും നാമമാത്രമാണ്. ക്രിസ്ത്യാനികൾ കൂട്ടത്തോടെ കുടുംബത്തോടെ തട്ടിക്കൊണ്ടുപോവുകയാണ് നമ്മുടെ ആളുകളെ. ഇതെല്ലാം പറയുമ്പോൾ ക്രിസ്ത്യാനികൾക്ക് എന്നോട് വിരോധം തോന്നിയിട്ട് കാര്യമുണ്ടോ? സത്യം ഞാൻ തുറന്നുപറയുകയല്ലേ? ലൗ ജിഹാദില്ലെന്നല്ല പറയുന്നത്. കുറച്ചേയുള്ളൂ. ഇവിടെ സാമൂഹ്യസത്യങ്ങൾ തുറന്നുപറയാനുള്ള ഇച്ഛാശക്തി വേണം. അതു തുറന്നു പറയുമ്പോൾ നമ്മളെല്ലാം കൊള്ളുകേലാത്തവരും ജാതി മാത്രം പറഞ്ഞുനടക്കുന്നവരുമാകും. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മളൊരു കണക്ക് വച്ച് നോക്കുകയാണെങ്കിൽ കോട്ടയം ജില്ലയിൽ 549 സ്കൂളുകളുണ്ട്. കേരളത്തിൽ 7227 സ്കൂളുകളുണ്ട്. കോളജുകൾ 24 എണ്ണം കോട്ടയത്തുണ്ട്. ഈഴവര്‍ക്കുള്ളത് നാമമാത്രമാണ്. ഇതൊരു സാമൂഹ്യനിതീയാണോ.

മലപ്പുറം ജില്ലയിൽ ഈഴവ സമുദായത്തിന് ഒരൊറ്റ എയ്ഡഡ് സ്കൂളോ കോളജോ കുടിപ്പള്ളിക്കൂടമോ ഇല്ല. എത്രയോ പ്രാവശ്യം എന്‍റെ സമുദായത്തിന് വേണ്ടി ഞാൻ കരഞ്ഞുപറഞ്ഞു. ഒരു വിദ്വേഷമല്ല, എന്‍റെ സമുദായത്തിന്‍റെ ദുഃഖമാണ്, സങ്കടമാണ്…നിങ്ങൾ തരണേ…തരണേ എന്ന്. കരഞ്ഞുപറഞ്ഞിട്ടു പോലും ഒറ്റെണ്ണം തന്നില്ലെന്ന് മാത്രമല്ല ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും സര്‍ക്കാര്‍ കാണിച്ചില്ല. മലപ്പുറത്ത് നാല് നിയോജക മണ്ഡലങ്ങളുണ്ട്. മുസ്‍ലിംകൾ അവിടെ എല്ലാം പിടിച്ചടക്കുമ്പോൾ നമുക്കതിനെക്കുറിച്ച് ചോദിക്കാൻ പോലും അവകാശമില്ല. 11 കോളജാണ് മുസ്‍ലിം സമുദായത്തിന് മലപ്പുറത്തുള്ളത്. സമുദായത്തിനല്ല, ആ സമുദായത്തിലെ സമ്പന്നരുടെ പേരിലാണ് കൊടുത്തിരിക്കുന്നത്. അറബിക് കോളജ് ആറെണ്ണമുണ്ട്. അറബി ഒരു വിഷയമായി എടുത്തിട്ട് ബാക്കിയെല്ലാം ആര്‍ട്സ് ആന്‍ഡ് സയൻസ് കോളജ് വിഷയങ്ങളാണ്. അങ്ങനെ 17 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. നൂറു കണക്കിന് സ്കൂളുകളുണ്ട്. നമുക്കൊരു കുടിപ്പള്ളിക്കൂടം പോലുമില്ല. നമ്മുടെ കുട്ടികൾക്ക് പഠിക്കണ്ടേ. ഒന്നുമില്ല.ഈ ദുഃഖം ഒരു സങ്കടമായി ഞാൻ പറയുമ്പോൾ അത് സഹതാപത്തോടു കൂടി കണ്ട് അതിന് പരിഹാരമുണ്ടാക്കുന്നതിന് പകരം ഞാനൊരു ജാതിവാദിയാണെന്ന് പറഞ്ഞുകൊണ്ട് എന്നെ ക്രൂശിക്കാൻ നോക്കിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.