ഇടുക്കി: വാഴക്കുളം പോലീസിലെ ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വരുമാന പരിധി വിട്ട് സ്വത്ത് സമ്പാദിച്ചതിന് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ (വിഎസിബി) സ്‌പെഷ്യല്‍ സെല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇടുക്കി സ്വദേശിയായ ജോമോന്‍ വി.ജെ (45) ആണ് പ്രസ്തുത ഉദ്യോഗസ്ഥന്‍.
ഡിവൈ.എസ്.പി ആര്‍. സാബുവിന്റെ നേതൃത്വത്തിലുള്ള വിഎസിബി സംഘം തൊടുപുഴയിലെ വീട്ടില്‍ റെയ്ഡ് നടത്തി, അനധികൃത സ്വത്തുമായി ബന്ധപ്പെട്ട 13 രേഖകളും, 25,000 രൂപയും, രണ്ട് ബാങ്ക് ലോക്കറുകളുടെ താക്കോലുകളും പിടിച്ചെടുത്തതായി വിജിലന്‍സ് പറയുന്നു. പോലീസ് സേവനത്തിനിടെ ഇയാള്‍ ബാങ്ക് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 67.03 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നും അതില്‍ 10.23 ലക്ഷം രൂപ പരിധി ലംഘിച്ചാണെന്നും പറയുന്നു.