Spread the love

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍.

ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ട് വരികയായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

 ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു ക്രൂരമായി മർദ്ദിച്ചു. രഹസ്യ കൂട്ട് പറയാതിരുന്നതിനെ തുടർന്ന് 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പോലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.