കോട്ടയം: കോട്ടയത്ത് സര്‍ക്കാര്‍ നഴ്സിംഗ് കോളേജില്‍ നടന്ന റാഗിംഗ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കേസിൽ കുറ്റപത്രം നൽകുന്നത്. പ്രതികള്‍ നടത്തിയത് അത്യന്തം ക്രൂരമായ പീഡനമാണെന്നും, നീണ്ട നാലുമാസത്തോളം ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായി ഇവർ ഉപദ്രവിച്ചിരുന്നതായി കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്.
വിദ്യാർഥികൾ വേദന കൊണ്ട് പുളയുമ്പോൾ പ്രതികൾ അതിൽ ആനന്ദം കണ്ടെത്തിയെന്നും കൂടാതെ ഇരകളായവരിൽ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. പ്രവേശന സമയത്ത് കോളജിൽ വിദ്യാർഥികൾ നൽകിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികൾ കഴിഞ്ഞ നവംബർ മാസം മുതൽ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രതികൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തിയിരുന്നു. ഇതും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.