ന്യൂഡല്‍ഹി.:ഐഐസിസി വിശാല പ്രവര്‍ത്തക സമിതി യോഗ ശേഷം കേരളത്തിലും കോണ്‍ഗ്രസിന് പുതിയ മുഖം. സിപിഎം ദേശീയ തലത്തിലും ബിജെപി സംസ്ഥാന തലത്തിലും പുതിയ നേതൃത്വത്തിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിനായി അടിമുടി അഴിച്ചുപണിയുന്നത്. സംഘടനാ തലത്തിലും ആശയ തലത്തിലും പുതിയ കാഴ്ച്ചപ്പാടോടെയാണ സംഘടന ഇനി പ്രവര്‍ത്തിക്കുക. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന ഐഐസിസി യോഗം ഇതിനുളള അംഗീകാരം നല്‍കികഴിഞ്ഞു.
പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ പുറത്തേക്ക് എന്നതാണ് പുതിയ മുദ്രാവാക്യം. കേരളത്തില്‍ കെപിസിസി ഡിസിസി തലങ്ങളില്‍ മാറ്റം വരുമെന്നാണ് സൂചന. ഡിസിസി അധ്യക്ഷന്‍മാര്‍ മാത്രമല്ല എംഎല്‍എമാരും പാര്‍ട്ടിയെ നിയമസഭാ – തദ്ദേശ തെരഞ്ഞെടുപ്പിനായി സജ്ജരാക്കണമെന്നാണ് നിര്‍ദേശം. അല്‍പ്പം ഉദാസീനരായ എംഎല്‍എമാരെ പാര്‍ട്ടി പിടികൂടി തുടങ്ങി. മണ്ഡലത്തില്‍ ശ്രദ്ധിക്കാതെ യാത്രകളിലും മറ്റും ശ്രദ്ധിച്ചിരുന്ന എംഎല്‍എമാരുടെ ചെവിക്കുപിടിക്കാനാണ് നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മനെ കെപിസിസി കയ്യോടെ പിടികൂടി എന്നാണ് ലഭിക്കുന്ന വിവരം.
കോട്ടയത്ത് പാര്‍ട്ടി പരിപാടികളിലും സംഘടനാ കാര്യത്തിലും സജീവമാകണമെന്ന നിര്‍ദേശം കെപിസിസി നേതൃത്വം ചാണ്ടിക്കു നല്‍കി. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചാണ്ടി ഉമ്മന്‍ കോട്ടയത്ത് പാര്‍ട്ടി പരിപാടികളുടെ മുഖമായി മാറി. പിണറായി സര്‍ക്കാരിനെതിരായ സമരത്തില്‍ ജില്ലാ കലക്ടേറ്റിനു മുന്നില്‍ നേതൃത്വം നല്‍കിയത് ചാണ്ടി ഉമ്മനാണ്. അറസ്റ്റ് വരിക്കുകയും ചെയ്തു. കോട്ടയം ഡിസിസിയിലും മാറ്റം വരുമെന്ന സൂചന ശക്തമാണ്. സംസ്ഥാന തലത്തില്‍ കെപിസിസി അധ്യക്ഷനെ വൈകാതെ നിശ്ചയിക്കും. ആന്റോ ആന്റണി, ബെന്നി ബഹനാന്‍ എന്നീ പേരുകളാണ് അവസാന ലാപ്പില്‍ മുന്നില്‍. കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ അധ്യക്ഷനാകാനുളള സാധ്യത അധികമാണ്. പ്രത്യേകിച്ച് മുനമ്പം വഖഫ് വിഷയങ്ങളില്‍ ബിജെപി മുതലെടുപ്പിന് ശ്രമിക്കുമ്പോള്‍ നേരിടാന്‍ പാര്‍ട്ടിക്ക് ക്രൈസ്തവ നേതാക്കള്‍ മുന്‍നിരയിലേക്ക് വരണെമന്നാണ് അഭിപ്രായം. കെ. സുധാകരന്റെ പിന്‍ഗാമിയായി പ്രചരിക്കുന്ന പേര് ആന്റോ ആന്റണിയുടേതാണ്. പത്തനംതിട്ട എംപിയായ ആന്റോ നേരത്തെ കോട്ടയം ഡിസിസി അധ്യക്ഷനായിരുന്നു. ആന്റോ പ്രസിഡന്റായാല്‍ കോട്ടയത്ത് ഇതര വിഭാഗക്കാരെ പരിഗണിച്ചേക്കും. അല്ലെങ്കില്‍ കത്തോലിക്കാ വിഭാഗത്തിനായിരിക്കും ആദ്യ പരിഗണന.