Spread the love

കോട്ടയം : കേരളത്തിലെ 10 ഡിസിസി കൾക്ക് പുതിയ അധ്യക്ഷൻമാരെ നിയമിക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസ് ക്യാമ്പിൽ നേതൃ ചർച്ചകൾ സജീവമായി.

കോട്ടയം ഉൾപ്പെടെ 10 ഡിസിസികളിൽ ആണ് നിലവിലുള്ള അധ്യക്ഷന്മാരെ മാറ്റുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തനമുയരാത്ത ഡിസിസികളിലാണ് ‘അഴിച്ചു പണി. കോൺഗ്രസ് ഏറ്റവുമധികം ലക്ഷ്യമിടുന്ന തിരുവനന്തപുരം ജില്ലയിൽ ചെമ്പഴന്തി അനിൽ, ശിവകുമാർ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.                                                                                                                  കോൺഗ്രസിനും യുഡിഎഫിനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈ പൊള്ളിയ കോട്ടയത്ത് ശക്തമായ തിരിച്ചുവരവിന് സാഹചര്യം ഒരുക്കാൻ ആണ് കോൺഗ്രസ് ലക്ഷ്യമെടുന്നത്. സംഘടനയിൽ അതിനു യോഗ്യനായ മുഖത്തെയാണ് കോൺഗ്രസ് തേടുന്നത്.

നാട്ടകം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നാട്ടകം സുരേഷ് ആണ് നിലവിൽ ഡിസിസി അധ്യക്ഷൻ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ കുറച്ചുകൂടി സ്വീകാര്യനായ നേതാവ് വേണമെന്നാണ് കോൺഗ്രസിന്റെ പൊതു വിലയിരുത്തൽ. കോട്ടയത്തെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ നാട്ടകത്തിന് താല്പര്യവുമുണ്ട്. ഇതുകൂടി കണക്കിലെടുത്ത് നേതൃമാറ്റം നടപ്പാക്കാൻ ആണ് കോൺഗ്രസ് പരിപാടി.

നാട്ടകത്തിൻ്റെ ജന്മനാടിനോട് ചേർന്നുള്ള രണ്ടു മണ്ഡലങ്ങളിലും യഥാക്രമം തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ എംഎൽഎമാരാണ്. ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ പോലുള്ള മണ്ഡലമാണ് കോൺഗ്രസിന്റെ മുന്നിലുള്ളത്. എന്നാൽ ഏറ്റുമാനൂരിലെ ക്രൈസ്തവ ഭൂരിപക്ഷ വോട്ടുകൾ പെട്ടിയിലാക്കാൻ നാട്ടകത്തിന് കഴിയുമോ എന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്. കുമരകം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ നാട്ടകത്തിന് സ്വാധീനം ചെലുത്താൻ കഴിയുമെന്നും കരുതുന്നു.

കഴിഞ്ഞതവണ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ഫിൽസൺ മാത്യുസ് , സിബി ചേനപ്പാടി, യൂജിൻ തോമസ് എന്നിവരെ ഇക്കുറിയും ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

കഴിഞ്ഞതവണ അപ്രതീക്ഷിതമായി ഇവരെ വെട്ടി നാട്ടകം കടന്നു വരികയായിരുന്നു.
കോട്ടയം ജില്ലക്കാരനും കോട്ടയം ഡിസിസി മുൻ അധ്യക്ഷനുമായ ആൻ്റോ ആൻറണിക്ക് കെപിസിസി അധ്യക്ഷപദം അവസാനം നിമിഷം നഷ്ടമായതോടെ ക്രൈസ്തവ വിഭാഗത്തിലുള്ള നേതാവിന് കോട്ടയത്ത് സാധ്യതയേറി. ഇതിൽ ഫീൽസൺ മാത്യൂസ് നേരത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടുണ്ട്. സിബി ചേനപ്പാടി കോട്ടയത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും കാഞ്ഞിരപ്പള്ളി സ്വദേശിയുമാണ്. കോൺഗ്രസ് വൃത്തങ്ങളിൽ സുപരിചിതനുമാണ്. പതിറ്റാണ്ടുകളായി കോട്ടയം നേതൃനിരയിൽ ഏവർക്കും സ്വീകാര്യനായ സൗമ്യ മുഖമാണ് യൂജിൻ. ഡിസിസി ജനറൽ സെക്രട്ടറിയാണ് നിലവിൽ.

കത്തോലിക്കാ വിഭാഗത്തിന്റെ പ്രതിനിധിയാവണം ഇനി കോട്ടയം ഡിസിസി അധ്യക്ഷൻ ആവേണ്ടത് എന്ന ചിന്താഗതി വലിയ ഒരു ഭാഗം കോൺഗ്രസ് പ്രവർത്തകരിൽ ഉണ്ട്. പ്രത്യേകിച്ച് കേരള കോൺഗ്രസ് എം നെ നേരിടുമ്പോൾ ഇത് ആവശ്യമാണെന്ന് അവർ കരുതുന്നു. അങ്ങനെയെങ്കിൽ സിബി ചേനപ്പാടിക്കും യുജിനുമാണ് സാധ്യത. ഫിൽസൺ മാത്യൂസ് യാക്കോബായ സമുദായ അംഗമാണ്. കോട്ടയത്ത് ഏറെ പ്രബലമായ മണർകാട് പള്ളി യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ളതാണ്.
യാക്കോബായ സഭയ്ക്ക് അധ്യക്ഷപദം നൽകിയാൽ കോട്ടയത്ത് സഭ ആസ്ഥാനമുള്ള ഓർത്തഡോക്സ് സഭ പിണങ്ങും. അതിനാൽ സാമുദായിക ഘടകങ്ങൾ ചേർത്തുവച്ചായിരിക്കും കോട്ടയത്തെ അധ്യക്ഷതയെ തെരഞ്ഞെടുക്കുക. ഇക്കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായാൽ ഹൈന്ദവ വിഭാഗത്തിന് പരിഗണന ലഭിക്കാനുള്ള സാധ്യതയും ഇല്ലാതില്ല.