Spread the love

കൗണ്ടിംഗിലേക്ക് കേരളം, എട്ടുമണിക്ക് തുടക്കം, ഇനി നാലുമണിക്കൂറില്‍ കേരളത്തിന്റെ ഭരണചിത്രം വ്യക്തം.

കേരളം കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണിക്ക് നിയമസഭ തിരഞ്ഞെടുപ്പിലെ പോസ്റ്റല്‍,ഹോം, സര്‍വീസ് വോട്ടുകള്‍ എണ്ണിതുടങ്ങുമെങ്കിലും ഔദ്യോഗികമായി ആദ്യം പുറത്തുവരുന്നത് ബൂത്തുകളിലെ ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ ഫലസൂചന ആയിരിക്കും. എട്ടരയോടെയാണ് ഇ.വി.എം എണ്ണിതുടങ്ങുന്നത്. ഇ.വി.എം ഓരോ റൗണ്ട് എണ്ണിതീരുമ്പോഴും www.results.eci.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം അപ് ലോഡ് ചെയ്യും. ഒന്‍പതുമണിയോടെ ആ്ദ്യ സൂചനകള്‍ ലഭിക്കും.

അതിനിടെ അനൗദ്യോഗികമായി പോസ്റ്റല്‍ വോട്ടുഫലം ചാനലുകള്‍ പതിവുപോലെ പുറത്തുവിട്ടേക്കും. എന്നാല്‍, പോസ്റ്റല്‍, ഹോം, സര്‍വീസ് വോട്ടുകള്‍ തിട്ടപ്പെടുത്താനും പാര്‍ട്ടി ഏജന്റുമാര്‍ ഉന്നയിക്കുന്ന പരാതികള്‍ പരിഹരിച്ച് ഇലക്ഷന്‍ കമ്മിഷന്റെ വെബ് സൈറ്റിലേക്ക് നല്‍കാനും കൂടുതല്‍ സമയം വേണ്ടിവരും. ഇതിനാലാണ് ഇ.വി.എമ്മിലെ ലീഡ് ആദ്യം പുറത്തുവരുന്നത്. ഇക്കാര്യം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ രാവിലെ ഏഴോടെ സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. ആ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് പകര്‍ത്താനാകില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ക്യു.ആര്‍.കോഡുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിടുന്നത്.

വൈകിട്ട് അഞ്ചോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാണ് കമ്മിഷന്‍ ആലോചിക്കുന്നത്. വോട്ടെണ്ണലിന് തിടുക്കം വേണ്ടെന്നും തെറ്റ് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ ബോദ്ധ്യപ്പെടുത്തി വേണം ഓരോ ഘട്ടത്തിലേക്കും കടക്കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വീഴ്ചയുണ്ടായാല്‍ അച്ചടക്ക നടപടികളുണ്ടാകും. 15,465ഉദ്യോഗസ്ഥരെയും സി.ആര്‍.പി.എഫ് ഉള്‍പ്പെടെ 32,301 സുരക്ഷാ ഭടന്‍മാരെയും നിയോഗിച്ചു.