Spread the love

എരുമേലി : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആചാര പ്രാധാന്യമുള്ള കാനന ക്ഷേത്രമായ കാളകെട്ടി ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിലേക്കുള്ള റോഡ് കാലങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു. വനത്തിലൂടെയുള്ള റോഡ് ആയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് മൂലമാണ് റോഡ് നിര്‍മ്മാണം ഇതുവരെ സാധിക്കാതെ വന്നിരുന്നത്.

ഈ വിഷയം ഉന്നയിച്ച് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കുകയും അതേ തുടര്‍ന്ന് എംഎല്‍എ മുന്‍കൈയെടുത്ത് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തി, ശബരിമല തീര്‍ത്ഥാടനത്തിന്റെ പരമ്പരാഗത കാനനപാതയിലുള്ള ആചാര പ്രാധാന്യമുള്ള ക്ഷേത്രത്തിലേക്കുള്ള വനപാത ആണെന്നും റോഡ് നിര്‍മ്മാണത്തിന് പ്രത്യേക അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പ് റോഡ് പുനര്‍നിര്‍മാണത്തിന് പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും റോഡ് നിര്‍മ്മാണത്തിന് 6 ലക്ഷം രൂപ അനുവദിക്കുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത തുക ഉപയോഗിച്ച് റോഡ് ടാറിങ് നടത്തുകയുമായിരുന്നു. റോഡിന്റെ ഔപചാരിക ഉദ്ഘാടനം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പങ്കജാക്ഷന്റെ അധ്യക്ഷതയില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ സതീഷ് എം,എസ്, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ സുനീഷ്, വിജയപ്പന്‍, പൊതുപ്രവര്‍ത്തകരായ ടി ഡി സോമന്‍, ടോം കാലാപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.