Spread the love

കോട്ടയം: കോട്ടയം അക്കാദമിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം. 16 രാജ്യങ്ങളില്‍ നിന്നായി 232 പേരാണ് ഈ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ഒന്നാം സീഡ് മുന്‍ യൂറോപ്പ്യന്‍ ചാമ്പ്യനും അര്‍മേനിയയുടെ ദേശീയ ചാമ്പ്യന്‍ ആയിരുന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ കരന്‍ ഗ്രിഗോറിയന്‍ ആണ്. രണ്ടാം സ്വീഡ് ഗ്രാന്‍ഡ് മാസ്റ്റര്‍ മാനുവല്‍ പെട്രോഷ്യന്‍ മുന്‍ ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ ആണ്. ഇവരെ കൂടാതെ വമ്പന്‍ താരനിരയാണ് ഈ ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ്സിന് കോട്ടയത്ത് വരുന്നത്. ജോര്‍ജിയന്‍ ഗ്രാന്‍ഡ്മാര്‍ക്ക് പാന്‍സുലയാ ലവന്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ സാനി കിഡ്‌സ് ടോര്‍ണിക്കെ, തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ളവരില്‍ പ്രമുഖരില്‍ മുന്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദീപന്‍ ചക്രവര്‍ത്തി, മുന്‍ കോമണ്‍വെല്‍ത്ത് ചെസ്റ്റ് ചാമ്പ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ ആര്‍ ലക്ഷ്മണ്‍, മറ്റൊരു കോമണ്‍വെല്‍ത്ത് ചെസ്റ്റ് ചാമ്പ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ കാര്‍ത്തികേയന്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ്.

ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരം, 67 കാരനായ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ റാസറ്റ് സിയാറ്റിനോ ആണ്.

ഏപ്രില്‍ 30ന് ആരംഭിക്കുന്ന മത്സരം മെയ് 7ന് സമാപിക്കും. മത്സരങ്ങള്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. ചെസ്സ് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റ് രാജേഷ് നാട്ടകം ഈ ടൂര്‍ണമെന്റിന്റെ മുഖ്യ സംഘാടകനാണ്.