ഈരാറ്റുപേട്ട: ഒന്നരക്കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.
വെസ്റ്റ് ബംഗാള്‍ ബിസ്വാനന്ദ്പുര്‍ വില്ലേജില്‍ ബില്‍ബറായില്‍ ഗുരുപാദ റോയ് (28) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി 9.30 മണിയോടെ പോലീസ് സംഘം ഈരാറ്റുപേട്ട എംജിഎസ്എസ്എസ് ഭാഗത്ത് എത്തിയപ്പോള്‍ ഒരാള്‍ പോലീസ് വാഹനം കണ്ടു പിന്തിരിഞ്ഞ് പോകാന്‍ ഭാവിക്കുന്നത് കണ്ടു. അയാളെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി പരിശോധിച്ചതില്‍ ആ കവറിനുള്ളില്‍ സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന നിലയില്‍ ഒന്നര കിലോയോളം വരുന്ന നിരോധിത ലഹരി വസ്തുവായ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പോലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. എസ്‌ഐ വിനു വി എല്‍, എസ്‌ഐ പ്രകാശ് ജോര്‍ജ്, എസ്‌ഐ രാജേഷ്, എഎസ്‌ഐ ടൈറ്റസ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

