കോട്ടയം : മജിസ്‌ട്രേട്ടിനെ അപമാനിച്ചെന്ന കേസില്‍ അഭിഭാഷകനെ കോടതി കുറ്റമുക്തനാക്കി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ കോടതി ഹാളില്‍ അപമാനിച്ചെന്ന കേസിലാണ് കോട്ടയം ബാറിലെ അഭിഭാഷകന്‍ സോജന്‍ പവിയാനോസിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
2023 നവംബര്‍ 23നു സിജെഎമ്മിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കോട്ടയം ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കോടതി ഹാളില്‍ കടന്ന് മുദ്രാവാക്യം വിളിക്കുകയും കോടതിയലക്ഷ്യം കാട്ടിയെന്നുമായിരുന്നു പരാതി.
കോടതിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് സിജെഎമ്മും ജില്ലാ മജിസ്‌ട്രേട്ടും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ 28 അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ക്ഷമ പറഞ്ഞ് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. അഭിഭാഷകരുടെ സത്യവാങ്ങ്മൂലം അംഗീകരിച്ച ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ 6 മാസം സൗജന്യ നിയമസഹായം നല്‍കണമെന്ന നിര്‍ദേശം നല്‍കി. നിയമസഹായം നല്‍കിയതിന്റെ റിപ്പോര്‍ട്ട് ആറു മാസത്തിനുള്ളില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ഹൈക്കോടതിക്ക് നല്‍കണമെന്നു നിര്‍ദേശിച്ചാണ് കേസ് തീര്‍പ്പാക്കിയത്.
എന്നാല്‍ സോജന്‍ പവിയാനോസ് ക്ഷമ പറഞ്ഞുള്ള സത്യവാങ്മൂലം നല്‍കാന്‍ തയാറായില്ല. ജൂനിയര്‍ അഭിഭാഷകര്‍ക്കുള്ള പരാതി സിജെഎമ്മിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും കോടതിയലക്ഷ്യം നടന്നിട്ടില്ലെന്നും സോജന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. കോടതി ഹാളില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും ഹാജരാക്കി. തെളിവുകള്‍ പരിഗണിച്ച ഹൈക്കോടതി സോജനെ കുറ്റവിമുക്തനാക്കുകയായിരുന്നു.