കോട്ടയം: അച്ചായന്‍സ് ഗോള്‍ഡില്‍ നടന്നത് ജിഎസ്ടി വിഭാഗത്തിന്റെ സ്വഭാവിക പരിശോധന മാത്രമെന്ന് മാനേജ്‌മെന്റ്.
അച്ചായന്‍സ് ഗോള്‍ഡ് നികുതിവെട്ടിപ്പ് നടത്തിയെന്നും ഒരു കോടിയിലേറെ തുക പിഴയിട്ടുവെന്നും വാര്‍ത്ത വന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാനേജ്‌മെന്റ്.
ജിഎസ്ടി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം വില്‍ക്കുന്നതിന്റെ മറവില്‍ അച്ചായന്‍ ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചന്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതെന്നായിരുന്നു പ്രചരണം. പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഒരു കോടിയിലേറെ രൂപയാണ് അച്ചായന്‍സ് ഗോള്‍ഡിന്റെ നികുതിവെട്ടിപ്പ്. കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു എന്നിങ്ങനെയായിരുന്നു അച്ചായന്‍സ് ഗോള്‍ഡിനെതിരേ വാര്‍ത്തകള്‍ വന്നത്.
അച്ചായന്‍സ് ഗോള്‍ഡില്‍ നടന്നത് എല്ലായിടത്തും നടക്കുന്നതുപോലെയുള്ള ജിഎസ്ടി വകുപ്പിന്റെ സ്വഭാവിക പരിശോധന മാത്രമാണെന്നും ഒരു കോടിയിലേറെ രൂപ പിഴ ഇട്ടുവെന്നത് വാസ്തവവിരുദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. പരിശോധനയില്‍ ചില ന്യൂനതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചെറിയൊരു പിഴ ഇട്ടിരുന്നു. അത് അടച്ച് ക്ലിയര്‍ ചെയ്തതുമാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന വിരുദ്ധമാണ്- മാനേജ്‌മെന്റ് വ്യക്തമാക്കി.