തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനത്തിനായി കോഴിക്കോട് ജില്ലയിലേക്ക് മാറാൻ അനുമതി തേടി മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഇതുസംബന്ധിച്ച് ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്ത് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കായി കൈമാറി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ആര്യയുടെ ആവശ്യം ചർച്ച ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ പ്രവർത്തനമേഖല മാറ്റാനുള്ള താൽപര്യം അറിയിച്ചത്. മുൻ എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹശേഷം കോഴിക്കോട്ടേക്ക് താമസം മാറാനുള്ള ആലോചന ആര്യ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയും അറിയിച്ചിരുന്നതായാണ് വിവരം.
സച്ചിന്റെ സ്വദേശം കോഴിക്കോടാണ്. ഇരുവരും നിലവിൽ കോഴിക്കോട് നഗരത്തിൽ വീട് എടുത്ത് താമസം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. പ്രവർത്തനമേഖല മാറ്റുന്നതിനുള്ള അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും.

