Spread the love

കോഴിക്കോട് ∙ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശ്ശേരി എൻ.സി.മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ കെ.ഫർഹാന (28) എന്നിവരാണ് മരിച്ചത്.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്‌ലം ഏതാനും മാസം മുൻപാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവർക്ക് മക്കളില്ല. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അസ്‌ലം.

വിവരമറിഞ്ഞെത്തിയ ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി.

നാരകശ്ശേരി മുഹമ്മദ് ബാഖവി-നഫീസ് ദമ്പതികളുടെ മകനാണ് അസ്‌ലം. സഹോദരങ്ങൾ: ഉവൈസ്, റംല. അബ്ദുറഹ്‌മാൻ-പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. സഹോദരങ്ങൾ: ഫൗസിയ, ഫൈസൽ.