Spread the love

മുംബൈ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ ഇൻഡിഗോ കാബിൻ ക്രൂ അംഗത്തിന് ദാരുണാന്ത്യം. മിറ റോഡ് സ്വദേശിനി കയ്നൂർ മിസ്ത്രി (32) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ബൊറിവാലി ഈസ്റ്റിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലായിരുന്നു അപകടം.

രാവിലെ 5.45ഓടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കയ്നൂരിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. കാറിലുണ്ടായിരുന്ന ഡ്രൈവർ വിജയ് ഖോസെ (25) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇൻഡിഗോ ജീവനക്കാരെ ജോലിസ്ഥലത്തേക്ക് എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി കമ്പനി ഏർപ്പെടുത്തിയ മയൂർഷ് ടൂർസ് ആൻഡ് ട്രാവൽസിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, അമിതവേഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.