ന്യൂഡൽഹി : ഡൽഹിയിൽ കൊടുംക്രൂരത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. ഖഡ്ഡ കോളനി സ്വദേശി ശിവം എന്ന ചുച്ഛു (19),കൂടാതെ 16, 17 വയസ്സുള്ള മൂന്ന് ആൺകുട്ടികളുമാണ് പിടിയിലായത്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗർ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ സെപ്റ്റംബർ 13നാണ് 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നുവെന്ന് വ്യക്തമായത്.
മരണപ്പെട്ട പെൺകുട്ടിക്കും പ്രതികൾക്കും നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം പെൺകുട്ടിയും പ്രതികളും ടെമ്പോ വാനിൽ ഒരുമിച്ച് യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ സംഘം മദ്യപിച്ചെന്നും തുടർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. പിന്നാലെ കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.
മൃതശരീരം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 50ഓളം ക്യാമറകളിൽ നിന്നുള്ള നിരവധി ദിവസങ്ങളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിനിടെ സംശയകരമായ രീതിയിൽ ഒരു ടെമ്പോ വാൻ പ്രദേശത്തെത്തിയതായി കണ്ടെത്തി. വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ലെങ്കിലും, വാൻ സഞ്ചരിച്ച വഴികളിലെ മറ്റ് ക്യാമറകൾ പരിശോധിച്ച് നമ്പർ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ടെമ്പോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിൽനിന്ന് സംഭവദിവസം വാഹനത്തിൽ യാത്ര ചെയ്തവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സെപ്റ്റംബർ 15ന് അർധരാത്രിയോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പെൺകുട്ടി ഇടയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽനിന്ന് പുറത്തുപോകാറുണ്ടായിരുന്നുവെന്നും ദിവസങ്ങൾക്കുശേഷം തിരിച്ചെത്താറുണ്ടായിരുന്നുവെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. അതിനാൽ പെൺകുട്ടിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയിരുന്നില്ലെന്നാണ് വിവരം.
പ്രതികളിൽനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന രണ്ട് കത്തികൾ പൊലീസ് കണ്ടെടുത്തു. സംഭവസമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും സാങ്കേതിക വിവരങ്ങളും ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

