ഹൈദരാബാദ്∙ രാജ്യസഭ എംപിയുടെ മകൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാറിടിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇരുപത്തിയാറുകാരിയായ ഭാരതി മുഖിയാണ് മരിച്ചത്. ജനസേന പാർട്ടി എംപി ലിങ്കമനേനി രമേഷിന്റെ മകൻ ലിങ്കമനേനി സഞ്ജുഷ് (21) ആണ് കേസിലെ പ്രതി. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കുറ്റം ചുമത്തി.
നഗരത്തിലെ ഇനോർബിറ്റ് മാളിലെ വസ്ത്രസ്ഥാപനത്തിൽ ജീവനക്കാരിയാണ് മരിച്ച ഭാരതി. ഓഗസ്റ്റ് 16ന് മധപുരിലാണ് അപകടമുണ്ടായത്. ജോലി സ്ഥലത്തിന് അടുത്ത് സുഹൃത്തിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഭാരതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാർ ഓടിച്ചിരുന്നത് സഞ്ജുഷാണെന്ന് ഹൈദരാബാദ് പൊലീസ് കണ്ടെത്തിയത്. എന്നാൽ ഇയാളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയുടെ പിതാവ് ലിങ്കമനേനി രമേഷ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേന പാർട്ടിയിൽനിന്നുള്ള രാജ്യസഭാംഗമാണ്.
സഞ്ജുഷിന് നോട്ടിസ് നൽകിയതായി മധപുരിലെ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

