കാസര്‍കോട്: മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനമോടിച്ച യൂട്യൂബര്‍ ഹെലന് ഓഫ് സ്പാര്ദ്ദ എന്ന എസ്.ആര് ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.കഴിഞ്ഞ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്.
ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാസര്‍കോട്ടെ ദേശീയപാതയിലൂടെ മദ്യപിച്ച് വാഹനമോടിച്ചു വരികയായിരുന്ന ധന്യയെ പോലീസ് പരിശോധനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസിനെ കണ്ടതോടെ വാഹനം നിര്‍ത്താതെ അമിതവേഗത്തില്‍ കിലോമീറ്ററുകളോളം മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സംഘം വാഹനം പിന്തുടര്ന്ന് സിനിമ സ്റ്റൈലില്‍ തടഞ്ഞു നിര്‍ത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

