മുഖ്യമന്ത്രി വിഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംബി രാജേഷ്. ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് വിമർശനം
വിഡി സതീശൻ ഹെലികോപ്റ്റർ യാത്ര നടത്തിയത് ധൂർത്ത് അല്ലേ എന്ന ചോദ്യമാണ് എംബി രാജേഷ് ഉന്നയിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, രണ്ടു തവണ. പ്രളയദുരിതാശ്വാസത്തിനല്ല. ഔദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്സണലാണെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബ്ബിൽ നിന്ന് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്. എന്നാൽ കൊച്ചിയിൽ എത്തിയപ്പോൾ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഹെലികോപ്റ്റർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. വി.ഡി സതീശന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് യാത്രയെന്നാണ് റിപ്പോർട്ട്.
എംബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

അതാ ആകാശത്ത് ഒരു സർക്കാർ ഹെലികോപ്റ്റർ. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, രണ്ടു തവണ.പ്രളയദുരിതാശ്വാസത്തിനല്ല. ഔദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്സണൽ.
ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ ?. പ്രൈംടൈമിൽ മടിത്തട്ടിലെ അവതാരങ്ങൾ ഇന്ന് അലറുമോ? അവർ ഇന്ന് മിക്കവാറും സൈലന്റ് മോഡിലായിരിക്കും. കാരണം കോൺഗ്രസുകാരന് അടുപ്പിലുമാകാം എന്നാണത്രേ ശാസ്ത്രം. അവതാരങ്ങൾ വേണമെങ്കിൽ അടുപ്പിലെ സുഗന്ധം വർണിച്ചു വശംകെടുമായിരിക്കും. ഒപ്പം അവരുടെ സ്ഥിരം നിരീക്ഷക വിദൂഷക സദസ്സും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമായിരുന്നു. ടോപ് ഗിയറിലായേനെ ധാർമ്മിക രോഷം. മാറ്റത്തിന് ആർപ്പുവിളിക്കിൻ കൂട്ടരേ…പുതുയുഗ കേരളത്തെ കണ്ട് കോൾമയിർ കൊള്ളിൻ മാദ്ധ്യമളേ

