Spread the love

മാനന്തവാടി: അർധരാത്രി രക്ഷിതാക്കളറിയാതെ പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍.

അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ(19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടുകാർ അറിയാതെ രാത്രി 11 മണിയോടെ ചായകുടിക്കാം എന്ന് പറഞ്ഞ് വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു.

ഈ മാസം 12ന് അർധരാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോകുന്നത്. തുടർന്ന് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. ഇതിനിടെ മാനന്തവാടി കണിയാരത്തുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. തുടർന്ന് രാത്രി ഒന്നരയ്ക്ക് ഒരു ആൺകുട്ടി വിളിച്ച് മകൾക്ക് അപകടത്തിൽ പരുക്കേറ്റതായും മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ഫോണിൽ അറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് അടുക്കള വാതിൽ തുറന്നിട്ടതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ചായകുടിക്കാൻ പോകാം എന്നു പറഞ്ഞ് പെൺ സുഹൃത്താണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ(22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ(23) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.