Spread the love

ചെങ്ങന്നൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനം. ‘അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’ എന്ന പരാമർശത്തിനെതിരെയാണു വിമർശനം കടുക്കുന്നത്. ‘ 14-ാമത് ‘പംപ’ സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

‘കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’’– എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമായെന്നും വിമർശനം ഉയർന്നു.

അതേസമയം ‘‘വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്‌തകങ്ങളിൽ വരുത്തി. എന്നിട്ടും….!’’ എന്നാണു മുൻമന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചത്.