Spread the love

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിൽ തൊഴിൽ രംഗത്ത് വിജയിക്കാൻ തുടർച്ചയായ നൈപുണ്യ വികസനവും വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനവും അനിവാര്യമാണെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

 

കമ്പ്യൂട്ട്രോൺ ട്രെയിനിങ് സൊല്യൂഷൻസ് തിരുവനന്തപുരം കേന്ദ്രത്തിൽ സംഘടിപ്പിച്ച “ഐ.ടി., ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്: ജെൻ Zയുടെ കരിയർ ലോകം” എന്ന വിഷയത്തെ ആസ്പദമാക്കിയ സൗജന്യ കരിയർ വർക്ക്‌ഷോപ്പിലും പ്രീ-ഓറിയന്റേഷൻ ക്ലാസിലുമാണ് ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

കമ്പ്യൂട്ട്രോൺ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാക്കിർ അബ്ദുൽ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തൊഴിൽ വിപണിയിൽ അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾ മൂലമുണ്ടായ Skill Gap നികത്തുന്നതിനായി വിവിധ രാജ്യങ്ങളിൽ കമ്പ്യൂട്ട്രോൺ പരിശീലന ശൃംഖല ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും, അതിന്റെ പ്രതിഫലനമാണ് തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്ന പുതിയ പരിശീലന പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ട്രോൺ ട്രെയിനിങ് സൊല്യൂഷൻസ് ഡയറക്ടർ രജീന ഫാത്തിമ അധ്യക്ഷത വഹിച്ചു. “അറിവ് സമ്പാദിച്ചാൽ മാത്രം പോരാ; അത് ജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാൻ കഴിയണം. വിദ്യാർത്ഥികളെ തൊഴിൽസജ്ജരാക്കുന്ന പ്രായോഗിക പരിശീലനത്തിനാണ് കമ്പ്യൂട്ട്രോൺ മുൻഗണന നൽകുന്നത്,” എന്ന് അവർ പറഞ്ഞു.

സി.ഇ.ഒ. ഖലീൽ റഹ്മാൻ സ്വാഗതം ആശംസിച്ചു. “നാളെയുടെ തൊഴിൽ സാധ്യതകൾ മുൻകൂട്ടി കണ്ട് വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനമാണ് കമ്പ്യൂട്ട്രോണിൽ നൽകുന്നത്. അതിലൂടെ വിദ്യാർത്ഥികളെ ഭാവി തൊഴിൽ വിപണിക്ക് തയ്യാറാക്കുകയാണ് ലക്ഷ്യം,” എന്ന് അദ്ദേഹം പറഞ്ഞു.

നൈപുണ്യ വികസന വിദഗ്ധനും അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ ഷാജിൽ അന്ത്രു മുഖ്യപ്രഭാഷണം നടത്തി. AI യുഗത്തിൽ രൂപംകൊള്ളുന്ന പുതിയ തൊഴിൽ മേഖലകൾ, വ്യവസായം ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ, ഐ.ടി., ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ് മേഖലകളിലെ കരിയർ സാധ്യതകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. AI മനുഷ്യനെ മാറ്റുകയല്ല, AI ഉപയോഗിക്കാൻ അറിയുന്നവരാണ് തൊഴിൽ വിപണിയിൽ മുന്നിലെത്തുകയെന്ന സന്ദേശവും അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി.

പരിപാടിയുടെ ഭാഗമായി Diploma in Smart Technology (Laptop & Smartphone Repairing) കോഴ്സിന്റെ വിശദമായ പരിചയപ്പെടുത്തലും നടന്നു. മൊബൈൽ ഫോൺ റിപ്പയറിംഗിന്റെ തത്സമയ പ്രായോഗിക ഡെമോ ലീഡ് ട്രെയിനർ അമ്പാടിയും, ലാപ്ടോപ് റിപ്പയറിംഗിന്റെ ഡെമോ ലീഡ് ട്രെയിനർ ബോണിയും അവതരിപ്പിച്ചു.

അഖില, മിനി, നിമിഷ എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, രക്ഷിതാക്കൾ എന്നിവർ വലിയ തോതിൽ പങ്കെടുത്ത പരിപാടി സംശയനിവാരണ സെഷനോടെയാണ് സമാപിച്ചത്.