ജന്തർമന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ പ്രകടനം
ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയിലെ ജന്തർമന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ജനാധിപത്യ കൂട്ടായ്മയുടെ മുൻകൈയ്യിൽ തൃശൂർ നഗരത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയാകെ കുത്തഴിഞ്ഞ അവസ്ഥയിലേക്ക് മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പാഠ്യപദ്ധതികൾ അപ്പാടെ കാവിവത്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നതോടൊപ്പം പരീക്ഷാ നടത്തിപ്പ് പോലും അഴിമതിക്കുള്ള അവസരമായി മാറ്റുകയാണ് മോദി സർക്കാർ ചെയ്തിരിക്കുന്നതെന്ന് സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പി.എൻ.പ്രൊവിൻ്റ് അഭിപ്രായപ്പെട്ടു.
പുതുതലമുറ രാഷ്ട്രീയ ഇടപെടലുകൾ വലിയ പ്രതീക്ഷകളാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നതെന്ന് മാധ്യമ പ്രവർത്തകൻ ഐ.ഗോപിനാഥ് അഭിപ്രായപ്പെട്ടു.
പ്രക്ഷോഭം നടത്തുന്ന സംഘടനയുമായി ജനാധിപത്യ രീതിയിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് തുടർന്ന് സംസാരിച്ച നബീസത്തു ബീവി ആവശ്യപ്പെട്ടു.
ടി.കെ.മുകുന്ദൻ, എൻ.ഡി.വേണു, സി. അഷ്റഫ് , ജയപ്രകാശ് ഒളരി എന്നിവർ സംസാരിച്ചു.
സാഹിത്യ അക്കാദമി പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുൻവശം സമാപിച്ചു. പ്രകടനത്തിന് ടി.ആർ.രമേഷ്, രഘുമാഷ്, ഷക്കീറലി, ഫർസാന എന്നിവർ നേതൃത്വം നൽകി.

