കോട്ടയം : കേരളത്തിൽ രണ്ടുദിവസം വിനായക ചതുർഥി ആഘോഷം. കലണ്ടർ പ്രകാരമുള്ള വിനായക ചതുർത്ഥി സെപ്റ്റംബർ 15ന് ആണെന്ന് പഞ്ചാംഗം കമ്മറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14 ന് ആഘോഷിക്കുമെന്ന് അറിയിച്ചു. ഇതോടെയാണ് ചതുർഥി കേരളത്തിൽ മാത്രം രണ്ടു ദിനം ആകുന്നത്.ഉത്തരേന്ത്യയിൽ സെപ്റ്റംബർ 14നാണ് ആചരണം.
ഗണിത സമ്പ്രദായങ്ങളുടെ ഭേദമനുസരിച്ച് സെപ്റ്റംബർ 14 15 എന്നിങ്ങനെ ഭേദങ്ങൾ നിലനിന്നുവെങ്കിലും പരിശോധനയിൽ പഞ്ചാംഗ കമ്മറ്റി 15ന് തന്നെയാണ് കേരളത്തിൽ വിനായക ചതുർത്ഥി എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ഇക്കൊല്ലത്തെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14 തിങ്കളാഴ്ച്ചയായിരിക്കുമെന്ന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി വാർത്താക്കുറിപ്പിൽ അറിയിച്ചത്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് വിനായക ചതുര്‍ഥി ആചരിക്കേണ്ടത് എന്നാണ് മള്ളിയൂർ പക്ഷം.
ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ കാലം മുതല്‍ പിന്തുടര്ന്നു വന്ന രീതിയും സമ്പ്രദായവും അനുസരിച്ചാണ് ചതുര്‍ഥി ദിനം നിശ്ചയിച്ചത്. പിറന്നാള്‍ പക്ഷമാണ് വിനായക ചതുര്‍ഥി ആചരിക്കുന്നത്.
ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് ചതുര്‍ഥി. ഉദിച്ച് ആറു നാഴികയുള്ള ദിവസമാണ് പിറന്നാള്‍ പക്ഷം.
ഉദയാല്പരം ആറു നാഴികയില്‍ കുറവായിരുന്നാല്‍ തലേന്ന്. ഇതനുസരിച്ച് മലയാളമാസം 1202 ചിങ്ങം 29 (സെപ്റ്റംബര്‍ 14) ആയിരിക്കും മള്ളിയൂരിലെ വിനായക ചതുര്‍ഥി ആഘോഷങ്ങളെന്ന് വാർത്താ കുറിപ്പിൽ വിശദീകരിക്കുന്നു.

